അവിശ്വസനീയ റെക്കോര്‍ഡുമായി മെസി, എത്തിയത് സാവിക്കും ഹെൻറിക്കുമൊപ്പം

Image 3
FeaturedFootball

റയല്‍ വയ്യഡോലിഡിനെതിരായി ലയണല്‍ മെസിയുടെ തകര്‍പ്പന്‍ അസ്സിസ്റ്റില്‍ അര്‍ടുറോ വിദാല്‍ ഗോള്‍ നേടിയതോടെ ലാലിഗയില്‍ മൊത്തം 20 അസിസ്റ്റുകള്‍ നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ബാഴ്‌സ സൂപ്പര്‍ താരം. പെനാല്‍റ്റി ബോക്‌സില്‍ വെച്ച് മെസി നല്‍കിയ കുറിയ പാസ്സ് മികച്ച ഒരു ബുള്ളറ്റ് ഷോട്ടിലൂടെ അര്‍ടുറോ വിദാല്‍ വയ്യഡോലിഡ് വലയിലെത്തിക്കുകയായിരുന്നു.

ഇതോടെ ഒരു സീസണില്‍ 20നു മുകളില്‍ ഗോളുകളും 20 അസിസ്റ്റുകളും നേടുന്ന താരമായി മാറാന്‍ മെസിക്ക് കഴിഞ്ഞു. യൂറോപ്പില്‍ ഈ റെക്കോഡ് സ്വന്തമാക്കാന്‍ കഴിഞ്ഞ ഏക താരം മുന്‍ ബാഴ്സ താരവും ആര്‍സനല്‍ ഇതിഹാസവുമായ തിയറി ഹെന്റിയാണ്. 24 ഗോളുകളും 20 അസിസ്റ്റുകളും തിയറി ഹെന്റി ആഴ്‌സനലിനുവേണ്ടി ഒരു സീസണില്‍ നേടിയിട്ടുണ്ട്.

അതെസമയം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്പാനിഷ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ തന്നെ ഈ റെക്കോര്‍ഡിലെത്തുന്ന ആദ്യ താരമാണ് ലയണല്‍ മെസി. കൂടാതെ അസ്സിസ്റ്റില്‍ 2008-09 ലാലിഗ സീസണില്‍ ബാഴ്സ ഇതിഹാസം സാവി ഹെര്‍ണാണ്ടസിന്റെ 20 അസിസ്റ്റുകളെന്ന റെക്കോര്‍ഡിനൊപ്പമെത്തി നില്‍ക്കുകയാണ് ലയണല്‍ മെസി.

ഈ സീസണില്‍ ഗോള്‍ വേട്ടയില്‍ അത്ര മികച്ചു നില്‍കുന്നില്ലെങ്കില്‍ കൂടി അസിസ്റ്റുകളും ഗോളുകളും കൂടി കണക്കിലെടുത്തു തുടര്‍ച്ചയായി ആറാമത്തെ സീസണിലാണ് 40നു മുകളില്‍ മെസി എത്തി നില്‍ക്കുന്നത്. ലാലിഗയില്‍ ഇനി മൂന്നു മത്സരങ്ങള്‍ കൂടി അവശേഷിക്കെ അസിസ്റ്റില്‍ മെസി പുതിയ റെക്കോര്‍ഡുകള്‍ ഭേദിക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍.