റാഫിന്യക്ക് പാസ് നൽകാതെ സുവർണാവസരം തുലച്ച് ലെവൻഡോസ്‌കി, വിമർശനവുമായി ബാഴ്‌സലോണ ആരാധകർ

സ്‌പാനിഷ്‌ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന വമ്പൻ പോരാട്ടത്തിൽ അത്ലറ്റികോ മാഡ്രിഡിനെതിരെ വിജയം നേടിയതോടെ ലീഗ് കിരീടത്തിലേക്ക് ബാഴ്‌സലോണ ഒന്നുകൂടി അടുത്തു. സീസണിൽ ലീഗിൽ മികച്ച പ്രകടനം നടത്തുന്ന ബാഴ്‌സലോണ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇതോടെ ലാ ലിഗയിൽ റയൽ മാഡ്രിഡിനെക്കാൾ പതിനൊന്നു പോയിന്റ് മുന്നിൽ തുടരുകയാണ് ബാഴ്‌സലോണ.

മത്സരത്തിൽ വിജയം നേടിയെങ്കിലും ടീമിന്റെ സ്റ്റാർ സ്‌ട്രൈക്കറായ റോബർട്ട് ലെവൻഡോസ്‌കിക്കെതിരെ ആരാധകർ തിരിഞ്ഞിരിക്കുകയാണ്‌. മത്സരത്തിനിടെ ബാഴ്‌സലോണക്ക് ലഭിച്ച സുവർണാവസരം റാഫിന്യക്ക് പാസ് നൽകിയാൽ കൃത്യമായി ഗോളാകുമെന്നിരിക്കെ ഒറ്റക്ക് ഗോളടിക്കാൻ നോക്കി നഷ്‌ടപ്പെടുത്തിയതിനാണ് ആരാധകർ വിമർശിക്കുന്നത്. ലെവൻഡോസ്‌കിയുടെ തീരുമാനം റാഫിന്യയെ വളരെയധികം നിരാശപ്പെടുത്തിയ ഒന്നായിരുന്നു.

നിരവധി മത്സരങ്ങളായി ബാഴ്‌സലോണയ്ക്ക് വേണ്ടി ഗോളുകൾ നേടാൻ ലെവൻഡോസ്‌കിക്ക് കഴിയുന്നില്ല. അതുകൊണ്ടു തന്നെ ഗോൾ കണ്ടെത്താൻ താരത്തിന് ആഗ്രഹം ഉണ്ടായിരിക്കും. എന്നാൽ ഇതുപോലെയൊരു സന്ദർഭത്തിലല്ല അതിനു വേണ്ടി ശ്രമിക്കുകയെന്നും മത്സരം പൂർണമായും സ്വന്തമാക്കാൻ അത് പാസ് നൽകേണ്ടത് അത്യാവശ്യമായിരുന്നു എന്നുമാണ് ആരാധകർ പറയുന്നത്. ലയണൽ മെസിയെ മാതൃകയാക്കാനും ആരാധകർ പറയുന്നു.

മത്സരത്തിൽ മികച്ച പ്രകടനമാണ് റാഫിന്യ നടത്തിയത്. ഫെറൻ ടോറസ് നേടിയ ഗോളിന് വഴിയൊരുക്കിയ താരം അതുകൂടാതെ മൂന്നു കീ പാസുകളും ഒരു സുവർണാവസരവും മത്സരത്തിൽ മെനഞ്ഞെടുത്തു. മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരവും റാഫിന്യയാണ് സ്വന്തമാക്കിയത്. അടുത്ത മത്സരത്തിൽ റയോ വയ്യക്കാനോയെയാണ് ബാഴ്‌സലോണ നേരിടുന്നത്.

You Might Also Like