ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സ് നിരയിൽ രണ്ടു സൂപ്പർതാരങ്ങളുണ്ടാകില്ല

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇനി നടക്കാനിരിക്കുന്ന ഓരോ മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്‌സിന് പ്ലേ ഓഫിലേക്ക് മുന്നേറാൻ വളരെ നിർണായകമാണ്. ഇനി അഞ്ചു മത്സരങ്ങൾ മാത്രം ലീഗിൽ നടക്കാനിരിക്കെ മൂന്നാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് രാത്രി നടക്കുന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങാൻ തയ്യാറെടുക്കുകയാണ്. ഈസ്റ്റ് ബംഗാളിന്റെ മൈതാനമായ കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കാൻ പോകുന്നത്.

നിർണായക മത്സരമാണെങ്കിലും ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് മത്സരത്തിനിറങ്ങും മുൻപ് തന്നെ തിരിച്ചടിയാണ്. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടു പ്രധാന താരങ്ങൾ കളിക്കില്ലെന്ന് പരിശീലകൻ ഇവാൻ വുകോമനോവിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്ഥിരീകരിച്ചു. അതിനു പുറമെ ഗോൾകീപ്പറായ പ്രഭസുഖൻ ഗില്ലും പ്രതിരോധതാരമായ മാർക്കോ ലെസ്കോവിച്ചുമാണ് പുറത്തിരിക്കുന്ന താരങ്ങൾ.

മാർകോ ലെസ്‌കോവിച്ച് കഴിഞ്ഞ ഏതാനും മത്സരങ്ങൾ ടീമിന് പുറത്തായിരുന്നു. അടുത്ത മത്സരത്തിൽ താരം ഉണ്ടാകുമെന്ന പ്രതീക്ഷ പ്രകടിപ്പിക്കുമ്പോഴും വീണ്ടും മത്സരങ്ങൾ നഷ്‌ടമാകുന്നത് വലിയ ആശങ്ക തന്നെയാണ്. വുകോമനോവിച്ച് പറഞ്ഞത് പ്രകാരം പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഗുരുതരമാകാതെ മുഴുവനായും സുഖം പ്രാപിക്കാൻ വേണ്ടിയാണ് ലെസ്‌കോവിച്ച് പുറത്തിരിക്കുന്നത്. അതേസമയം പനി കാരണമാണ് ഗിൽ മത്സരം കളിക്കാത്തത്.

മുംബൈ സിറ്റി, എഫ്‌സി ഗോവ, നോർത്ത്ഈസ്റ്റ് യുണൈറ്റഡ് എന്നീ ടീമുകൾക്കെതിരെ ലെസ്‌കോവിച്ച് കളിച്ചിരുന്നില്ല. താരത്തിന്റെ അഭാവം നിഴലിച്ച ആദ്യത്തെ രണ്ടു മത്സരങ്ങളിൽ കേരള ബ്ലാസ്റ്റേഴ്‌സ് തോൽവി നേരിട്ടിരുന്നു. കഴിഞ്ഞ മത്സരത്തിൽ ഈ സീസണിൽ ഫോമിലല്ലാത്ത നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെതിരെ വിജയം നേടിയത് ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസമാണ്. സീസണിലെ ആദ്യത്തെ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ വിജയിച്ചിരുന്നു.

You Might Also Like