ബാഴ്‌സ താരത്തെ റാഞ്ചാനൊരുങ്ങി ലീഡ്സ് യുണൈറ്റഡ്, തിരിച്ചു വരവ് ഒരുങ്ങിത്തന്നെ

Image 3
EPLFeaturedFootball

പതിനാറ് വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം പ്രീമിയർ ലീഗിലേക്കുള്ള വരവ് മികച്ചതാക്കാനുള്ള ഒരുക്കത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്. മികച്ച ഒരുപിടി താരങ്ങളെ ലീഡ്‌സിലെത്തിച്ചുകൊണ്ട് ക്ലബ്ബിന്റെ ശക്തി വർധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് അർജന്റീനൻ പരിശീലകൻ മാഴ്‌സെലോ ബിയെൽസ. അതിനായി ബാഴ്സലോണയുടെ ബ്രസീലിയൻ താരം റഫീഞ്ഞയെ സ്വന്തമാക്കാനുള്ള ശ്രമമാരംഭിച്ചിരിക്കുകയാണ് ലീഡ്‌സ് യുണൈറ്റഡ്.

കാറ്റാലൻ മാധ്യമമായ സ്പോർട്ട് ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ തന്നെ തങ്ങളുടെ റെക്കോർഡ് തുകക്ക് ഒരു താരത്തെ ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കിയിരുന്നു. വലൻസിയയിൽ നിന്നും സ്പാനിഷ് സൂപ്പർ സ്ട്രൈക്കെർ റോഡ്രിഗോ മൊറേനോയെയാണ് ലീഡ്‌സ് യുണൈറ്റഡ് സ്വന്തമാക്കിയത്.കൂടെ മധ്യനിരയിൽ റഫീഞ്ഞയെക്കൂടി എത്തിക്കാനുള്ള ശ്രമത്തിലാണ് ലീഡ്‌സ് യുണൈറ്റഡ്.

ഇരുപത്തിയേഴുകാരനായ താരം ഈ സീസണിൽ സെൽറ്റ വിഗോക്കൊപ്പമായിരുന്നു കളിച്ചിരുന്നത്. ബാഴ്സയിൽ നിന്നും ലോണിലാണ് താരം സെൽറ്റ വിഗോയിൽ കളിച്ചിരുന്നത്. പതിനാലു മില്യൺ പൗണ്ട് ആണ് താരത്തിന് ബാഴ്സയിട്ടിരിക്കുന്ന മൂല്യം. ബയേൺ സൂപ്പർ താരം തിയാഗോ അൽകന്റാരയുടെ സഹോദരനാണ് റഫീഞ്ഞ.

തിയാഗോയും പ്രീമിയർ ലീഗിലേക്ക് ചേക്കേറാനുള്ള നീക്കത്തിലാണ്. ബയേണിൽ നിന്നും ലിവർപൂൾ ആണ് താരത്തിനായി മുൻ നിരയിലുള്ളത്. ലീഡ്‌സ് യുണൈറ്റഡ് മികച്ച ഒരു പ്രതിരോധനിര താരത്തെ കൂടി ടീമിൽ എത്തിച്ചിട്ടുണ്ട്. ഫ്രൈബർഗ് ഡിഫൻഡർ റോബിൻ കോച്ചിനെയാണ് ലീഡ്‌സ് ടീമിൽ എത്തിച്ചത്. 11.5 മില്യൺ പൗണ്ടിനാണ് താരത്തെ ലീഡ്‌സിലെത്തിച്ചത്. റഫീഞ്ഞയെ കൂടാതെ അർജന്റീനിയൻ മധ്യനിരതാരം റോഡ്രിഗോ ഡി പോളിനു വേണ്ടിയും ലീഡ്സ് ശ്രമിക്കുന്നുണ്ട്.