മെസി ഗോളിൽ അർജന്റീനക്ക് ജയം, ചിലിയെ തോൽപ്പിച്ച് സുവാരസും സംഘവും

Image 3
FeaturedFootballInternational

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്ക് തുടക്കമായി. അർജന്റീനയിലെ ലാ ബോംബനേര സ്റ്റേഡിയത്തിൽ വെച്ചു നടന്ന മത്സരത്തിൽ ഇക്വഡോറിനെതിരെയാണ് അർജന്റീന ഏറ്റുമുട്ടിയത്. അതെ സമയം തന്നെ ലാറ്റിനമേരിക്കൻ വമ്പന്മാരായ ഉറുഗ്വായും ചിലിയും തമ്മിൽ മറ്റൊരു പോരാട്ടം കൂടി നടന്നു.

ഇക്വഡോറിനെതിരെ ഏകപക്ഷീയമായ ഒരു ഗോളിനു അർജന്റീനക്ക് വിജയം നേടാനായി. പതിമൂന്നാം മിനുട്ടിൽ അർജന്റീനക്ക് ലഭിച്ച പെനാൽറ്റിയിലൂടെയാണ് അര്ജന്റീന ഗോൾ കണ്ടെത്തുന്നത്. അർജന്റീനയുടെ മുന്നേറ്റത്തിൽ പന്തുമായി മുന്നേറിയ ലൂക്കാസ് ഓകമ്പോസിനെ ഇക്വഡോറിയൻ താരം പെർവിൻ എസ്തുപിനാൻ പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്തുവീഴ്ത്തിയതിനു കിട്ടിയ പെനാൽറ്റി മെസി ലക്ഷ്യം കാണുകയായിരുന്നു.

പൊതുവെ അർജന്റീനൻ നീക്കങ്ങളെ ശാരീരികമായി നേരിട്ട ഇക്വഡോർ പരുക്കൻ കളിയാണ് പുറത്തെടുത്തത്. എന്നിരുന്നാലും മെസിയുടെ ഏകഗോളിൽ അർജന്റീന പ്രതിരോധിച്ചു കളിക്കുകയായിരുന്നു. രണ്ടാം മത്സരത്തിൽ ചിലിക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനു ഉറുഗ്വായാണ് വിജയം കണ്ടെത്തിയത്. ഉറുഗ്വായ്ക്ക് വേണ്ടി സുവാരസും മാക്സി ഗോമെസും ലക്ഷ്യം കണ്ടപ്പോൾ അലക്സിസ് സാഞ്ചസ് ആണ് ചിലിയുടെ ഏക ഗോൾ നേടിയത്.

39-ാം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് സുവാരസ് ഉറുഗ്വായുടെ ആദ്യഗോൾ നേടുന്നത്.എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മികച്ചൊരു മുന്നേറ്റത്തിൽ അലക്സിസ് സാഞ്ചസിലൂടെ ചിലി സമനിലഗോൾ നേടുകയായിരുന്നു. അവസാനം ഇഞ്ചുറി ടൈമിലാണ് മാക്സി ഗോമെസിന്റെ തകർപ്പൻ ഷോട്ടിലൂടെ ഉറുഗ്വായ് വിജയഗോൾ നേടുന്നത്.