മെസിയോട് തിരിച്ചുവരാൻ ബാഴ്‌സലോണ താരം, ഏതറ്റം വരെയും പോകുമെന്ന് ലപോർട്ട

വലിയ പ്രതിസന്ധികളെ അതിജീവിച്ച ബാഴ്‌സലോണ ഒടുവിൽ പൊരുതിയാണ് ലീഗ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ടോപ് ഫോർ പോലും പ്രതീക്ഷിക്കാൻ കഴിയാത്ത അവസ്ഥയിൽ നിന്നും സാവി പരിശീലകനായതിനു ശേഷം രണ്ടാം സ്ഥാനത്തേക്ക് കയറി വന്ന ടീം ഈ സീസണിൽ ലീഗ് കിരീടം സ്വന്തമാക്കി. മികച്ച ഫോമിലുള്ള റയൽ മാഡ്രിഡിനെ നിഷ്പ്രഭമാക്കിയാണ് ബാഴ്‌സലോണ ലീഗ് കിരീടം സ്വന്തമാക്കിയത്.

ലീഗ് കിരീടം നേടിയതിന്റെ സന്തോഷത്തിനൊപ്പം ക്ലബിന്റെ എക്കാലത്തെയും മികച്ച താരമായ ലയണൽ മെസിയെ തിരിച്ചു വിളിക്കാനും ബാഴ്‌സലോണ താരങ്ങൾ മറന്നില്ല. കഴിഞ്ഞ സമ്മറിൽ ബാഴ്‌സലോണയിലേക്ക് വന്ന ഫ്രാങ്ക് കെസി തന്റെ ഇൻസ്റ്റഗ്രാമിൽ ഇട്ട പോസ്റ്റിൽ “നിങ്ങളെ മിസ് ചെയ്യുന്നു ലയണൽ മെസി” എന്നാണു കുറിച്ചത്. മുൻ നായകൻറെ മടങ്ങി വരവിനായി ക്ലബ് കാത്തിരിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

അതേസമയം ലയണൽ മെസിയെ തിരിച്ചെത്തിക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്ന് ബാഴ്‌സലോണ പ്രസിഡന്റ് യോൻ ലപോർട്ട കഴിഞ്ഞ ദിവസം വ്യക്തമാക്കി. ക്ലബ് കഴിവിന്റെ പരമാവധി അതിനായി മുന്നോട്ടു പോകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. ബാഴ്‌സ ലയണൽ മെസിയെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ നേരത്തെ ആരംഭിച്ചെങ്കിലും പ്രസിഡന്റിന്റെ വാക്കുകൾ ആരാധകർക്ക് കൂടുതൽ ആവേശം നൽകുന്നതാണ്.

ഈ സീസണോടെ ലയണൽ മെസിയുടെ പിഎസ്‌ജി കരാർ അവസാനിക്കുമ്പോൾ താരം ബാഴ്‌സലോണയിലേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. മറ്റു ക്ലബുകളുടെ ഓഫറുകളെല്ലാം ഇപ്പോൾ പരിഗണിക്കാതിരിക്കുന്ന മെസി ബാഴ്‌സലോണ കൃത്യമായി പദ്ധതികൾ മുന്നോട്ടു നീക്കി തന്നെ സ്വന്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബാഴ്‌സലോണ താരങ്ങളും മെസിയുടെ തിരിച്ചു വരവിനായി കാത്തിരിക്കയാണ്.

You Might Also Like