36-ാം വയസിൽ എനിക്ക് പോലും ഇങ്ങനെ കളിക്കാനായിരുന്നില്ല, തിയാഗോ സിൽവയുടെ പ്രകടനത്തെ പ്രശംസിച്ച് ലാംപാർഡ്

പിഎസ്‌ജിയിൽ നിന്നും ചെൽസിയിലേക്ക് ചേക്കേറിയ ബ്രസീലിയൻ പ്രതിരോധതാരമാണ് തിയാഗോ സിൽവ. പ്രീമിയർ ലീഗിന്റെ വേഗതക്കും ശാരീരികമായ കളിശൈലിയേയും തിയാഗോ സിൽവക്ക് പ്രതിരോധിക്കാനാവുമോയെന്നു ട്രാൻസ്ഫർ സമയത്ത് പരിശീലകൻ ഫ്രാങ്ക് ലാംപാർഡിനു സംശയമുണ്ടായിരുന്നുവെങ്കിലും നിലവിലെ താരത്തിന്റെ പ്രകടനം ആ മുൻവിധിയെയെല്ലാം മാറ്റിമറിച്ചിരിക്കുകയാണ്.

അക്കാര്യം ഫ്രാങ്ക് ലാംപാർഡ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. ഓരോ മത്സരത്തിനു മുൻപുമുള്ള താരത്തിന്റെ തയ്യാറെടുപ്പും പ്രകടനം കൊണ്ട് പ്രീമിയർലീഗിനു അനുയോജ്യനാണെന്നു ഓരോ മത്സരത്തിലും തെളിയിക്കുകയാണ് തിയാഗോ സിൽവ. 36ആം വയസിലും മികച്ച പ്രകടനം തുടരുന്ന തിയാഗോ സിൽവയെ പ്രശംസിക്കാനും ലാംപാർഡ് മറന്നില്ല. 36ആം വയസിൽ തനിക്കു പോലും ഇങ്ങനെ കളിക്കാനാകില്ലെന്നാണ് ലാംപാർഡ് അഭിപ്രായപ്പെട്ടത്.

“36ആം വയസിലെ എന്റെ പ്രീമിയർലീഗ് അനുഭവങ്ങൾ ഞാൻ ഓർക്കുന്നു. ഇപ്പോൾ തിയാഗോ സിൽവ കളിക്കുന്നത് പോലെയല്ല. ഞാൻ ടീമിനു അകത്തും പുറത്തുമെന്നുള്ള അവസ്ഥയിലായിരുന്നു. ഓരോ ആഴ്ചയിലും ഇങ്ങനെ കളിക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. കരിയറിന്റെ ആ സ്റ്റേജിൽ എനിക്കത് അനുഭവപ്പെട്ടിരുന്നു. തിയാഗോയെ കൊണ്ടു വരികയെന്നത് ആദ്യം ഒരു പരീക്ഷണാർത്ഥമായ ഒരു നീക്കമായാണ് ഞാൻ കണ്ടിരുന്നത്. തിയാഗോ മികച്ചതാരമാണെന്ന് എനിക്കറിയാമായിരുന്നുവെങ്കിലും പ്രീമിയർലീഗിന്റെ ആവശ്യങ്ങൾ നിറവേറ്റാനാവുമോയെന്നു സംശയമുണ്ടായിരുന്നു. “

” അസാധാരണമായ പ്രകടനമാണ് അവൻ കാഴ്ചവെക്കുന്നത്. ഓരോ ദിവസവും മത്സരത്തിൽ അവൻ കാണിക്കുന്ന പരിശ്രമങ്ങൾ കാണുമ്പോൾ അതിശയപ്പെടുമെന്നത് പുതിയ കാര്യമല്ല. വളരെയധികം തയ്യാറെടുപ്പും സമർപ്പണവും അവൻ കാണിക്കാറുണ്ട്. കളിയെ വായിച്ചെടുക്കാനും ഹെഡറുകൾ വിജയിക്കുന്നതിലുമുള്ള കഴിവ് അപാരമാണ്. എല്ലാത്തിനെയും പഠിക്കുന്ന അവൻ ഒരിക്കൽ മാനേജർ ആവുമെന്നതും വ്യക്തമായ കാര്യമാണെന്ന് എനിക്ക് തോന്നുന്നു. കളത്തിനു അകത്തും പുറത്തുമായി ഞങ്ങൾക്ക് മികച്ച മുതൽക്കൂട്ടാണ് അവൻ.” ലാംപാർഡ് പറഞ്ഞു.

You Might Also Like