ലാലിഗ കിരീടം ആർക്ക്?, അവസാന അങ്കത്തിനായി മാഡ്രിഡ്‌ ചിരവൈരികൾ പോർക്കളത്തിലേക്ക്

ലാലിഗയിൽ ഇന്ന് ആരു കിരീടം നേടുമെന്ന് അറിയാം. ലീഗിലെ അവസാന റൗണ്ട് മത്സരത്തിനായി തയ്യാറെടുക്കുമ്പോൾ വമ്പന്മാർ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാണ് സാക്ഷിയാകുന്നത്. പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് വിയ്യാറയലിനെ നേരിടുമ്പോൾ ഒന്നാം സ്ഥാനത്തുള്ള അത്‌ലറ്റിക്കോ മാഡ്രിഡിന് റയൽ വയ്യഡോളിഡാണ് എതിരാളികൾ.

37 റൗണ്ട് മത്സരങ്ങൾ അവസാനിക്കുമ്പോൾ 83 പോയ്ൻ്റുമായി അത്‌ലറ്റിക്കോ മാഡ്രിഡ് ഒന്നാമതും, 81 പോയ്ൻ്റുള്ള റയൽ മാഡ്രിഡ് രണ്ടും സ്ഥാനത്താണ്. സെൽറ്റ വിഗൊക്കെതിരെ കഴിഞ്ഞ മത്സരത്തിൽ തോൽവി രുചിച്ചതോടെ 76 പോയിന്റുമായി ബാഴ്സലോണ ഇതിനകം കിരീട പോരാട്ടത്തിൽ നിന്ന് പുറത്തായെന്നു ഉറപ്പിച്ചിരിക്കുകയാണ്.

റയൽ മാഡ്രിഡിനെ വിടാതെ പിന്തുടരുന്ന പരിക്കുകൾ അവസാന മത്സരദിവസവും റയൽ മാഡ്രിഡിനു തിരിച്ചടിയായിട്ടുണ്ട്. ഈഡൻ ഹസാർഡ് പരിക്കേറ്റു പുറത്തായതും ടോണി ക്രൂസ് കോവിഡ് പശ്ചാത്തലത്തിൽ ക്വാറന്റൈനിൽ പോയതും സിദാനു തലവേദന സൃഷ്ടിക്കുന്നു. പ്രതിരോധത്തിൽ സെർജിയോ റാമോസും റാഫേൽ വരാനെയും ടീമിൽ മടങ്ങിയത്തിയത് വലിയ ആത്മവിശ്വാസമാണ് റയലിന് സമ്മാനിക്കുന്നത്.

സമനിലയിൽ പോലും കിരീടം കൈവിട്ടുപോവുമെന്നതിനാൽ വിജയം മാത്രമാണ് റയലും അത്‌ലറ്റിക്കോയും ലക്ഷ്യമിടുന്നത്. വിജയിച്ചാൽ അത്‌ലറ്റിക്കോക്ക് കിരീടം ഉറപ്പിക്കാനാകും. എന്നാൽ റയലിന് വിജയത്തിനൊപ്പം അത്‌ലറ്റിക്കോ വിജയിക്കാതിരിക്കുകയും അനിവാര്യമാണ്. നിർണായകമായ ഈ രണ്ടു മത്സരങ്ങളുടെ ഫലമായിരിക്കും ഇത്തവണത്തെ കിരീടം ആർക്കെന്നു നിർണയിക്കുന്നത്.

You Might Also Like