മെസിയ്‌ക്കെതിരെ ലാലിഗ, ഇനി 6000 കോടി നല്‍കാതെ ബാഴ്‌സ വിടാനാകില്ല

ബാഴ്സലോണയിൽ നിന്നും പോകാനൊരുങ്ങുന്ന ലയണൽ മെസിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ലാലിഗയുടെ ഔദ്യോഗികപ്രസ്താവന. മെസ്സിക്ക് ബാഴ്സ വിടാനാവില്ല എന്നാണ് ലാലിഗ അധികൃതർ തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ചൂണ്ടിക്കാണിച്ചത്. ഒരു താരത്തിന് അതാതു ക്ലബുമായുള്ള നിലവിലുള്ള കരാർ ലംഘനം നടത്തി മറ്റൊരു ക്ലബ്ബിലേക്ക് കൂടുമാറാൻ കഴിയില്ലെന്നാണ് ലാലിഗയുടെ പ്രസ്താവന.

അതിനുള്ള നിയമവകുപ്പുകളും ലാലിഗ പ്രസ്താവനയിൽ ലാലിഗ സൂചിപ്പിച്ചിട്ടുണ്ട്. കൂടാതെ മെസിക്ക് ക്ലബ് വിടണമെങ്കിൽ താരത്തെ വാങ്ങുന്ന ക്ലബ് റിലീസ് ക്ലോസ് മുഴുവനും അടക്കേണ്ടി വരുമെന്നാണ് ലാലിഗ വ്യക്തമാക്കുന്നത്. അങ്ങനെയാണെങ്കിൽ മെസിയെ മാഞ്ചസ്റ്റർ സിറ്റിക്കോ മറ്റേതെങ്കിലും ക്ലബിനോ സ്വന്തമാക്കണമെങ്കിൽ 700 മില്യൺ യൂറോ ബാഴ്സക്ക് നൽകേണ്ടി വരും.

മെസിയുടെ ഫ്രീ ട്രാൻസ്ഫർ ക്ലോസ് ജൂൺ പത്തിന് അവസാനിച്ചുവെങ്കിലും അതിന് നിയമസാധുതയില്ലെന്നായിരുന്നു താരത്തിന്റെ അഭിഭാഷകസംഘം മുന്നോട്ടു വെക്കുന്ന കാര്യം. അതായത് ജൂൺ പത്തിന് അവസാനിച്ച ഫ്രീ ട്രാൻസ്ഫർ ക്ലോസ് കോവിഡ് കാരണം ഇപ്പോഴും സാധുതയുണ്ടെന്നായിരുന്നു മെസിയുടെയും നിയമസംഘത്തിന്റെയും വാദം. എന്നാൽ അതിന് നിലനിൽപ്പില്ലെന്നും അത്‌ ജൂൺ പത്തോട് കൂടി കഴിഞ്ഞുവെന്നുമാണ് ഈ പ്രസ്താവനയിലൂടെ ലാലിഗ വ്യക്തമാക്കിയിരിക്കുകയാണ്.

ഇതോടെ ക്ലബ് വിടുമെന്ന തീരുമാനത്തിൽ ഉറച്ചു നിൽക്കുന്ന മെസിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ലാലിഗയുടെ പ്രസ്താവന. അതിനാൽ ബാഴ്സ താരത്തെ അനുവദിച്ചാൽ മാത്രമേ മെസിക്ക് ക്ലബ്ബ് വിടാനാവുകയുള്ളു. നിലവിൽ ഇതുവരെ പിസിആർ ടെസ്റ്റിന് മെസി ഹാജരായിട്ടില്ല. ഇനി ട്രെയിനിങ്ങിന് കൂടി മെസി ഹാജറായിട്ടില്ലെങ്കിൽ ബാഴ്സ താരത്തിതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചേക്കും.

You Might Also Like