ഒടുവിൽ ലാ ലിഗ സമ്മതം മൂളി, ലയണൽ മെസി തിരിച്ചുവരവിനൊരുങ്ങുന്നു

ലയണൽ മെസിയുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ടു ബാഴ്‌സലോണ ആരാധകരുടെ ആശങ്കകൾക്ക് ഒടുവിൽ പരിഹാരമാകുന്നു. അർജന്റീന താരം ബാഴ്‌സയിലേക്ക് ചേക്കേറുമെന്ന റിപ്പോർട്ടുകൾ ഖത്തർ ലോകകപ്പിന് പിന്നാലെ പുറത്തു വന്നിരുന്നെങ്കിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിന്നിരുന്നു. മെസിക്ക് ഓഫർ നൽകാൻ ലാ ലിഗയുടെ അനുമതി ആവശ്യമാണെന്നതാണ് ഇക്കാര്യത്തിൽ തടസമായി ഉണ്ടായിരുന്നത്.

എന്നാൽ ഇന്ന് നടന്ന ലാ ലിഗ യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടായിയെന്നാണ് പുതിയ റിപ്പോർട്ടുകൾ. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ ബാഴ്‌സലോണ മുന്നോട്ടു വെച്ച വയബിലിറ്റി പ്ലാൻ ലാ ലിഗ അംഗീകരിച്ചിട്ടുണ്ട്. ഇതോടെ ലയണൽ മെസിക്ക് ഔദ്യോഗികമായി ഓഫർ നൽകാൻ ബാഴ്‌സലോണയ്ക്ക് കഴിയും. ലാ ലീഗയുടെ അനുമതി ലഭിക്കാനും ബാഴ്‌സലോണ ഓഫർ നൽകാനുമാണ് മെസി കാത്തിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്‌സലോണക്ക് ലയണൽ മെസിയെ ടീമിലേക്ക് കൊണ്ടുവരനാമെങ്കിൽ വേതനബിൽ കുറയ്ക്കണമെന്ന ആവശ്യം ലാ ലിഗ മുന്നോട്ടു വെച്ചിരുന്നു. അതിനു വേണ്ടി ടീമിലെ വെറ്ററൻ താരങ്ങളായ ബുസ്‌ക്വറ്റ്സ്, ആൽബ എന്നിവർ ക്ലബ് വിട്ടിരുന്നു. എന്നിട്ടും അനുമതി നൽകാതിരുന്ന ലാ ലീഗായാണ് ഇപ്പോൾ നിർണായകമായ തീരുമാനം എടുത്തിരിക്കുന്നത്.

ലാ ലിഗ അനുമതി നൽകിയെങ്കിലും ചില കടമ്പകൾ ഇനിയും ക്ലബിന് മറികടക്കാനുണ്ട്. എന്നാൽ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. ഏതാനും ദിവസങ്ങളുടെ ഉള്ളിൽ തന്നെ ലയണൽ മെസിക്ക് ഔദ്യോഗികമായ ഓഫർ ബാഴ്‌സലോണ നൽകുന്നുണ്ടാകും. അത് ലഭിച്ചാൽ മെസി ക്ലബുമായി കരാർ ഒപ്പിടുകയും ചെയ്യും. എന്തായാലും ലയണൽ മെസിയുടെ തിരിച്ചുവരവിനായി ബാഴ്‌സലോണയും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ്.

 

You Might Also Like