മെസിയുടെ പിതാവിനെ വിളിച്ച് ലാ ലിഗ, തിങ്കളാഴ്‌ച അന്തിമ തീരുമാനമുണ്ടാകും

ലയണൽ മെസിയുടെ ട്രാൻസ്‌ഫറുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങൾ ഉയർന്നു വരുന്ന സമയമാണിപ്പോൾ. പിഎസ്‌ജി കരാർ അവസാനിക്കുന്ന താരം അത് പുതുക്കില്ലെന്ന് കാര്യം ഉറപ്പായിട്ടുണ്ട്. തന്റെ മുൻ ക്ലബായ ബാഴ്‌സലോണയിലേക്ക് ലയണൽ മെസി തിരിച്ചു വരുമെന്നാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതെങ്കിലും അക്കാര്യത്തിൽ ലാ ലീഗയുടെ അനുമതി ആവശ്യമാണ്.

ലാ ലിഗ ഇതുവരെ അനുമതി നൽകാതിരുന്നത് മെസിയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ നീക്കങ്ങളിൽ വലിയ അനിശ്ചിതത്വം ഉണ്ടാക്കിയിരുന്നു. അനുമതി ലഭിക്കാത്തതിനെ തുടർന്ന് ബാഴ്‌സലോണ ഓഫർ നൽകാൻ വൈകുന്നതിനാൽ ലയണൽ മെസി മറ്റു ക്ലബുകളുടെ ഓഫറുകൾ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെ മെസിയുടെ പിതാവിനെ ലാ ലിഗ ബന്ധപ്പെട്ടുവെന്നാണ് ഏറ്റവും പുതിയ സൂചനകൾ.

കാറ്റലൻ ജേർണലിസ്റ്റായ ജെറാർഡ് റോമെറോ പറയുന്നത് പ്രകാരം മെസിയുടെ പിതാവിനെ ബന്ധപ്പെട്ട ലാ ലിഗ നേതൃത്വം തിങ്കളാഴ്‌ച തീരുമാനം അറിയിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. തീരുമാനം അനുകൂലമായിരിക്കുമെന്നാണ് സൂചനകൾ. ലയണൽ മെസി ബാഴ്‌സലോണയിലേക്ക് തിരികെ പോകുന്നതിനാണ് പരിഗണന നൽകുന്നതെന്നും മറ്റുള്ള ഓഫറുകൾ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നു മെസിയുടെ പിതാവും അറിയിച്ചു.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ നിരവധി വമ്പൻ താരങ്ങളെ നഷ്‌ടമായത് ലാ ലീഗയുടെ ഇമേജിനെ വളരെ പ്രതികൂലമായി ബാധിച്ചിരുന്നു. അത്തരമൊരു സാഹചര്യത്തിൽ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാൻ അവർ സമ്മതിക്കാതെ വഴിയില്ല. എന്തായാലും താരത്തിന്റെ തിരിച്ചുവരവിനായി ആരാധകർ കാത്തിരിക്കുകയാണ്. അത് നടക്കുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

You Might Also Like