ബാഴ്‌സ വിട്ടുകളയുന്നത് വജ്രായുധത്തെ, മുന്നറിയിപ്പുമായി ടോണി ക്രൂസ്
സൂപ്പർ താരം ലയണൽ മെസിയുടെ പിതാവും ബാഴ്‌സ പ്രസിഡന്റുമായുള്ള ചർച്ചയിൽ കാര്യമായ പുരോഗതികൾ ഒന്നും സംഭവിക്കാത്തത് ആരാധകർക്ക് വലിയ നിരാശയാണുണ്ടാക്കിയിരിക്കുന്നത്. നിലപാടുകൾ മയപ്പെടുത്താൻ ഇരുകൂട്ടരും തയ്യാറാവാത്തതാണ് ഇപ്പോൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി.
എന്നാൽ ചിരവൈരികളായ ബാഴ്സലോണക്ക് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് റയൽ മാഡ്രിഡിന്റെ ജർമ്മൻ മധ്യനിരതാരം ടോണി ക്രൂസ്. ബാഴ്സ മെസിയെ കൈവിട്ടാൽ അവരുടെ വജ്രായുധത്തെയാണ് അവർ കൈവിടുന്നതെന്നും അതിന് വലിയ വില നൽകേണ്ടി വരുമെന്നുമെന്നുമാണ് ക്രൂസിന്റെ പക്ഷം. ജർമ്മൻ പോഡ്കാസ്റ്റ് ആയ ഐൻഫാച് മാൽ ലുപ്പെന് നൽകിയ അഭിമുഖത്തിലാണ് ടോണി ക്രൂസ് മെസി ബാഴ്സ വിടുന്നതിൽ തന്റെ നിലപാടുകൾ വ്യക്തമാക്കിയത്.
Kroos: "If Messi isn't at Barcelona, it means they're missing their best weapon"https://t.co/lZoGHZ9Qsw
— SPORT English (@Sport_EN) September 2, 2020
“ഇതു പോലുള്ള താരങ്ങൾ ഒരിക്കലും അവരുടെ ചിരവരികളായ ക്ലബ്ബിലേക്ക് കൂടുമാറുകയോ അവർക്ക് വേണ്ടി കളിക്കാൻ പോവുകയോ ചെയ്യുകയില്ല. അത് കൊണ്ട് തന്നെ മെസി റയൽ മാഡ്രിലേക്ക് വരുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. തീർച്ചയായും റയൽ മാഡ്രിഡിനെ സംബന്ധിച്ചെടുത്തോളം അക്കാര്യം മോശം തന്നെയാണ്.”
“മെസിയെ ബാഴ്സ കൈവിടാൻ തീരുമാനിക്കുകയാണെങ്കിൽ അതിനർത്ഥം, അവരുടെ ഏറ്റവും മികച്ച ആയുധത്തെ അവർ കൈവിട്ടു കളയുന്നുവെന്നാണ്. തീർച്ചയായും മെസ്സി ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ്” ക്രൂസ് അഭിമുഖത്തിൽ വ്യക്തമാക്കി. മെസ്സി മാഞ്ചസ്റ്റർ സിറ്റിയിലേക്ക് തന്നെ ചേക്കേറുമെന്നാണ് ക്രൂസിന്റെ വിലയിരുത്തൽ.