സൂപ്പര്‍ താരത്തിന് കളിക്കാനാകില്ല, ബ്ലാസ്റ്റേഴ്‌സിന് വന്‍ തിരിച്ചടി

ഐഎസ്എല്‍ ഏഴാം സീസണിലെ രണ്ടാം മത്സരത്തിലും മലയാളി സൂപ്പര്‍ താരം കെപി രാഹുലിന് കളിക്കാനാകില്ല. പരിശീലനത്തിനിടെയേറ്റ പരിക്കാണ് രാഹുലിന് തിരിച്ചടിയായത്. ഇതോടെ രാഹുല്‍ ഇല്ലാതെയാകും നോര്‍ത്ത് ഈസ്റ്റിനെതിരേയും ബ്ലാസ്‌റ്റേഴ്‌സ് കളിക്കുക.
നേരത്തെ പ്രീസീസണ്‍ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ച താരമാണ് രാഹുല്‍. ഹൈദരാബാദിനെതിരെ പ്രീസീസണ്‍ മത്സരത്തില്‍ രാഹുല്‍ ഇരട്ട ഗോളും നേടിയിരുന്നു. എന്നാല്‍ സീസണ്‍ തുടങ്ങും തൊട്ട് മുമ്പ് രാഹുലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇതാണ് ആദ്യ മത്സരത്തിലും രാഹുലിന്റെ സേവനം ബ്ലാസ്റ്റേഴ്‌സിന് ലഭിക്കാതെ പോയത്.
നിലവില്‍ രാഹുല്‍ പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തതിന് ശേഷം മാത്രമേ രാഹുലിനെ കളിപ്പിക്കേണ്ടതുളളു എന്നാണ് ടീം മാനേജുമെന്റ് നിലപാട് എടുത്തിരിക്കുന്നത്.
ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എടികെ മോഹന്‍ ബഗാനോട് എതിരില്ലാത്ത ഒരു ഗോളിന് തോറ്റിരുന്നു. റോയ് കൃഷ്ണയാണ് എടികെ ബഗാന്റെ വിജയഗോള്‍ നേടിയത്. വ്യാഴായിച്ചയാണ് നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ മത്സരം.