കോമള്‍ തട്ടാല്‍ ഉള്‍പ്പെടെയുളളവരെ പുറത്താക്കി എടികെ മോഹന്‍ ബഗാന്‍

Image 3
FootballISL

ഐഎസ്എല്‍ എട്ടാം സീസണിന് മുന്നോടിയായി മികച്ച മൂന്ന് യുവ താരങ്ങളെ ഒഴിവാക്കി എടികെ മോഹന്‍ബഗാന്‍. യുവതാരം കോമള്‍ തട്ടാല്‍, ജയേഷ് റാണെ, മൈക്കല്‍ സൂസൈരാജിന്റെ സഹോദരന്‍ മൈക്കല്‍ റെജിന്‍ എന്നിവരെയാണ് എടികെ റിലീസ് ചെയ്തത്. വിവരം ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഇന്ത്യന്‍ യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയമായ പേരായിരുന്നു കോമള്‍ തട്ടാല്‍. അണ്ടര്‍ 17 ലോകകപ്പ് ടീമിലെ സൂപ്പര്‍ സ്റ്റാറായിരുന്ന കോമള്‍ ദി നെക്സ്റ്റ് ബിഗ് തിങ് എന്നറിയപ്പെട്ടിരുന്ന താരമാണ്. എന്നാല്‍, 2018 മുതല്‍ എടികെയിലുണ്ടെങ്കിലും തട്ടാലിന് കാര്യമായ അവസരം ലഭിച്ചിരുന്നില്ല.

ഒപ്പം കളിച്ച മറ്റ് താരങ്ങളില്‍ പലരും പല ടീമുകളിലും സ്ഥിരസാന്നിധ്യമായപ്പോള്‍ തട്ടാല്‍ ഫസ്റ്റ് ഇലവനു പുറത്ത് തന്നെയായിരുന്നു പലപ്പോഴും. അധികം കളിസമയം നല്‍കാതെ തട്ടാലിലെ പ്രതിഭയെ എടികെ പാഴാക്കുകയാണെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.  ഇതിനു പിന്നാലെയാണ് ഇപ്പോള്‍ എടികെ യുവതാരത്തെ റിലീസ് ചെയ്തിരിക്കുന്നത്. താരം അടുത്ത സീസണില്‍ ജംഷഡ്പൂര്‍ എഫ്‌സിയ്ക്കായി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2017 മുതല്‍ എടികെയ്‌ക്കൊപ്പമുള്ള ജയേഷ് റാണെ ബെംഗളൂരുവിലേക്ക് പോകുമെന്ന് സൂചനയുണ്ട്. നിലവില്‍ മൈക്കല്‍ റെജിന്‍ ഏത് ക്ലബിലേക്കാണ് കൂടുമാറുക എന്ന് വ്യക്തമല്ല.