ഇന്ന് എന്തും സംഭവിക്കും, ഗംഭീറും കോഹ്ലിയും നേര്‍ക്കു നേര്‍, പകവീട്ടാന്‍ താരങ്ങള്‍

ഐപിഎല്ലില്‍ ശ്രദ്ധേയമായ പോരാട്ടമാണ് നടക്കാനിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് പോരാട്ടം. വൈകിട്ട് 7.30ന് ബംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിത്തിലാണ് മത്സരം.

ഹൈദരബാദിനെതിരെ ത്രസിപ്പിക്കുന്ന ജയവുമായാണ് കൊല്‍ക്കത്ത സീസണ്‍ തുടങ്ങിയത്. ഇന്ന് ആര്‍സിബിക്കെതിരെ ജയിക്കാനായാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനും രാജസ്ഥാന്‍ റോയല്‍സിനും ഒപ്പം പോയിന്റ് ടേബിളില്‍ മുന്നിലെത്താം.

കൊല്‍ക്കത്ത – ബംഗളൂരു മത്സരത്തില്‍ ആരാധകരേയും കാത്തിരിക്കുന്നത് രണ്ട് പേര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായാണ്. ക്രിക്കറ്റ് മൈതാനത്ത് ചിരവൈരികളായ വിരാട് കോലിയുടെയും ഗൗതം ഗംഭീറിന്റെയും ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ജയം ആര്‍ക്കൊപ്പമെന്ന് കണ്ടറിയണം.

ഇന്ത്യന്‍ ടീമില്‍ ഒരുമിച്ചു കളിച്ചു വളര്‍ന്നവരാണെങ്കിലും ഐപിഎല്‍ സീസണുകളില്‍ പലതവണ മൈതാനത്ത് ഇരുവരും കൊമ്പുകാര്‍ത്തു. 2023 സീസണിലും ഇതിന് മാറ്റമൊന്നുമുണ്ടായില്ല.

ലഖ്നൗ സൂപ്പര്‍ ജയന്‍സ് ആര്‍സിബി മത്സരത്തിനിടെ ലഖ്നൗ കോച്ചായിരുന്ന ഗംഭീറും വിരാട് കോഹ്ലിയും നേര്‍ക്കുനേര്‍ വന്നു. വാക്കേറ്റമായതോടെ സഹതാരങ്ങള്‍ ഇടപെട്ട് ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു. അന്ന് തര്‍ക്കങ്ങള്‍ക്ക് തുടക്കമിട്ട ലഖ്്നൗ താരം നവീന്‍ ഉള്‍ ഹഖിനെ കോഹ്ലി ആരാധകര്‍ വെറുതെ വിട്ടതുമില്ല. ഈ സീസണില്‍ ഗൗതം ഗംഭീര്‍ ലഖ്്നൗ വിട്ട് കൊല്‍ക്കത്തയുടെ മെന്ററാണ്. ഗംഭീറിന്റെ തിരിച്ചുവരവില്‍ കിരീട പ്രതീക്ഷയുമായാണ് കൊല്‍ക്കത്ത കളിക്കുന്നത്.

 

You Might Also Like