കിരീടത്തിനായി അവസാനസെക്കന്റ്‌ വരെയും പോരാടും, നയം വ്യക്തമാക്കി കൂമാൻ

ലാലിഗ കിരീടപോരാട്ടത്തിൽ ആദ്യ നാലു ടീമുകൾക്കും സാധ്യതയുള്ള ഒരു പ്രത്യേകസാഹചര്യമാണ് നിലവിലുള്ളത്. അത്ലറ്റിക്കോക്കും റയലിനും ബാഴ്സക്കും സെവിയ്യക്കും കിരീടപോരാട്ടത്തിൽ ഇനിയുള്ള മത്സരങ്ങളെല്ലാം വളരെ നിർണായകമായിരിക്കും. ലാലിഗയിൽ മികച്ച പ്രകടനം തുടരുന്ന ലെവാന്റെക്കെതിരെയുള്ള മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ് കൂമാനു കീഴിൽ ബാഴ്‌സലോണ.

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സസ്പെൻഷൻ മൂലം പുറത്തിരിക്കേണ്ടി വന്ന കൂമാനെ ഇത്തവണ ലെവാന്റെക്കെതിരെ ടച്ച് ലൈനിൽ കണ്ടേക്കും. കിരീടം നേടുക ശ്രമകരമാണെങ്കിലും അവസാന സെക്കന്റ്‌ വരെ പോരാടുമെന്ന് തന്നെയാണ് കൂമാൻ വ്യക്തമാക്കുന്നത്. മത്സരത്തിനു മുന്നോടിയായി നടന്ന അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്ക് തോന്നുന്നത് ഈ അവസരത്തിൽ എല്ലാവർക്കും തുല്യമായാണ് ലീഗിന്റെ സാധ്യതകളുള്ളത്. ഈ ലീഗ് തീർക്കുകയെന്നത് ബുദ്ദിമുട്ടുള്ള ഒരു കാര്യമാണ്. കാരണം ശരീരികമായും മത്സരങ്ങളുടെ എണ്ണവും അതിനെ സ്വാധീനിക്കുന്നുണ്ട്. ഈ അവസാന മത്സരങ്ങളിൽ ഞങ്ങളുടെ പരമാവധി നൽകാൻ തന്നെയാണ് തീരുമാനം.” കൂമാൻ പറഞ്ഞു.

ഇപ്പോഴും ചാമ്പ്യൻമാരാകുമെന്ന് തന്നെയാണ് വിശ്വസിക്കുന്നതെന്നും അതിനായി അവസാന സെക്കന്റ്‌ വരെ പോരാടുമെന്നും കൂമാൻ അഭിപ്രായപ്പെട്ടു
ലീഗ് കിരീടം നേടുന്നതിനെ ആശ്രയിച്ചിരിക്കും കൂമാന്റെ ബാഴ്സയിലെ ഭാവിയെന്നും റിപ്പോർട്ടുകൾ ഉയർന്നു വരുന്നുണ്ട്.

You Might Also Like