സ്ഫോടനാത്മകം! മറ്റൊരു കൗമാരപ്രതിഭയെക്കൂടി സ്ഥാനക്കയറ്റം നൽകി കൂമാൻ

യുവതാരം അൻസു ഫാറ്റിക്ക് പരിക്കു പറ്റി പുറത്തായതോടെ പകരക്കാരനായി മറ്റൊരു യുവതാരത്തെ കൂമാൻ ബാഴ്സയുടെ ഫസ്റ്റ് ടീമിലേക്ക് സ്ഥാനക്കയറ്റം നൽകിയിരുന്നു. അമേരിക്കൻ യുവതാരമായ കോൺറാഡ് ഡി ലാ ഫ്യുവന്റെയെയാണ് ഫാറ്റിക്കു പകരക്കാരനായി കൂമാൻ പരിഗണിച്ചിരിക്കുന്നത്. എന്നാലിതാ ഫാറ്റിയെ പോലെ മറ്റൊരു കൗമാരതാരത്തെ കൂടി കൂമാൻ ഫസ്റ്റ് ടീമിലേക്ക് ഉൾപ്പെടുത്തിയിരിക്കുകയാണ്.

ഇത്തവണ ആൽബയ്ക്ക് പകരക്കാരനായാണ് മറ്റൊരു കൗമാരതാരത്തിൽ വിശ്വാസമർപ്പിച്ചിരിക്കുന്നത്. നിലവിലെ പകരക്കാരനായ ജൂനിയർ ഫിർപ്പോയെ ജനുവരി ട്രാൻസ്ഫറിൽ ഉൾപ്പെടുത്താൻ ബാഴ്സ നീക്കമാരംഭിച്ചതോടെ കൂമാൻ സ്പാനിഷ് യുവതാരമായ അലെജാൻഡ്രോ ബാൾഡെയെ ഫസ്റ്റ് ടീമിലേക്ക് ഉൾപ്പെടുത്തുകയായിരുന്നു.

ഈ നീക്കത്തെ സ്പാനിഷ് മാധ്യമങ്ങളെല്ലാം വലിയ രീതിയിലുള്ള പ്രശംസയാണ് കൂമാനു നൽകിയിരിക്കുന്നത്. ബാൾഡെയുടെ ഈ സ്ഥാനക്കയറ്റത്തെ സ്ഫോടനാത്മകം എന്ന തലക്കെട്ടോടെയാണ് സ്‌പോർട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. പതിനേഴു വയസേ ആയിട്ടുള്ളുവെങ്കിലും ഫസ്റ്റ് ടീമിൽ കളിക്കാനുള്ള എല്ലാ ഗുണഗണങ്ങളും താരത്തിനുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.

2011ൽ ചിരവൈരികളായ എസ്‌പാന്യോളിനോട്‌ മത്സരിച്ചാണ് ബാഴ്സ അലെജൻഡ്രോ ബാൾഡെയെ സ്വന്തമാക്കുന്നത്. ലാ മാസിയയുടെ യൂത്ത് റാങ്കുകളിലൂടെ ഉയർന്നു വന്ന താരം ബാഴ്സ ബിക്കായി മികച്ച പ്രകടനം കാഴ്ച വെച്ചതോടെയാണ് ഫസ്റ്റ് ടീമിലേക്ക് കൂമാന്റെ വിളി വന്നത്. പ്രീമിയർ ലീഗ് വമ്പന്മാരായ ചെൽസി കുറേക്കാലമായി താരത്തിനു പിന്നാലെയുണ്ടായിരുന്നുവെങ്കിലും ബാഴ്സ താരത്തിൽ പിടിമുറുക്കുകയായിരുന്നു.

You Might Also Like