പ്രതിരോധം ശക്തമാക്കാനൊരുങ്ങി കൂമാൻ, അയാക്സ് യുവതാരത്തിനായി ശ്രമം തുടങ്ങി ബാഴ്‌സ

ബാഴ്സലോണയുടെ പരിശീലകനായി ചുമതലയേറ്റ ശേഷം ഇതുവരെ ഒരു താരത്തെയും വാങ്ങാനായി കൂമാന് സാധിച്ചിട്ടില്ല. ഡച്ച് താരങ്ങളായ മെംഫിസ് ഡീപേയെയും ഗിനി വൈനാൾഡത്തിനെയും ബാഴ്സ ക്ലബ്ബിലെത്തിക്കുമെന്ന് ശക്തമായ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും അതൊന്നും യാഥാർത്ഥ്യമായില്ല. എന്നാലിപ്പോഴിതാ അയാക്സിന്റെ മറ്റൊരു പ്രതിരോധതാരത്തെ ടീമിലെത്തിച്ചു പ്രതിരോധം ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പിലാണ് കൂമാൻ.

അയാക്സിന്റെ അമേരിക്കൻ റൈറ്റ് ബാക്കായ സെർജിനോ ഡെസ്റ്റിനെയാണ് കൂമാന്റെ ലക്ഷ്യം. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. നിലവിലെ ബാഴ്‌സയുടെ പ്രതിരോധത്തിൽ കൂമാന് വലിയ തോതിലുള്ള പ്രതീക്ഷ കാണുന്നില്ല. പ്രത്യേകിച്ച് റൈറ്റ് ബാക്ക് സ്ഥാനത്തുള്ള നെൽസൺ സെമെഡോക്ക് ബാക്കപ്പ് ആയാണ് ഡെസ്റ്റിനെ പരിഗണിക്കുന്നത്.

അയാക്‌സുമായി വളരെ നല്ല ബന്ധം പുലർത്തുന്ന കൂമാനും ബാഴ്സയും താരത്തെ ക്ലബ്ബിൽ എത്തിക്കാനുള്ള ശ്രമങ്ങൾ ഉടനെ ആരംഭിച്ചേക്കും. കേവലം പത്തൊൻപത് വയസ്സുകാരനായ ഈ അമേരിക്കക്കാരൻ കഴിഞ്ഞ സീസണിലാണ് അയാക്സ് ആദ്യടീമിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. താരത്തിന്റെ പ്രതിഭയിൽ കൂമാന് വളരെയധികം വിശ്വാസമുണ്ട്.

2018 സെപ്റ്റംബറിലായിരുന്നു ഡെസ്റ്റ് അയാക്സുമായി കരാർ പുതുക്കിയത്. അതുപ്രകാരം 2023 വരെ താരത്തിന് അയാക്‌സുമായി കരാറുണ്ട്. എന്നാൽ താരത്തെ ബാഴ്സയിൽ എത്തിക്കാൻ തന്നെയാണ് ക്ലബ്ബിന്റെ നീക്കം. സാമ്പത്തികപ്രശ്നങ്ങളാണ് ബാഴ്‌സയെ പിന്നോട്ടു വലിക്കുന്നത്. ചുരുങ്ങിയത് ഇരുപത് മില്യൺ യുറോയെങ്കിലും താരത്തിന് വേണ്ടി ബാഴ്സ ചിലവഴിക്കേണ്ടി വന്നേക്കും. പണം ഇല്ലാത്തതിനാൽ ഡീപേ ട്രാൻസ്ഫർ മുടങ്ങിയതിനാൽ ഈ ട്രാൻസ്ഫർ നടക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

You Might Also Like