ബ്ലാസ്റ്റേഴ്‌സ് കൊച്ചി ഉപേക്ഷിക്കില്ല, കോഴിക്കോട്ടേയ്ക്ക് വരുന്നത് ഇതിന് വേണ്ടി

കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായി കൊച്ചി ജവഹര്‍ലാല്‍ സ്‌റ്റേഡിയം തന്നെ തുടരുമെന്ന് സൂചന. കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയത്തിലേക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പറിച്ചു നട്ടേക്കും എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കടുത്ത നടപടികളിലേക്കൊന്നും തല്‍കാലം ബ്ലാസ്റ്റേഴ്‌സ് കടക്കില്ലെന്ന സൂചന പുറത്ത് വരുന്നത്.
പകരം കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ചില പ്രീ സീസണ്‍ സൗഹൃദ മത്സരങ്ങള്‍ മാത്രം സംഘടിപ്പിക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ ആലോചിക്കുന്നത്. കഴിഞ്ഞ ദിവസം ക്ലബ് പ്രതിനിധികളും മേയറും എംഎല്‍എയും അടക്കമുളള കോഴിക്കോട് കോര്‍പറേഷന്‍ ഭാരവാഹികളും യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ അടുത്ത സീസണില്‍ തന്നെ ഐഎസ്എല്‍ മത്സരങ്ങള്‍ കോഴിക്കോടേയ്ക്ക് കൊണ്ട് വരണമെന്നാണ് തീരുമാനിച്ചത്.
എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് ഇക്കാര്യത്തില്‍ വലിയ താല്‍പര്യമില്ലെന്നാണ് അടുത്ത വൃത്തങ്ങളില്‍ നിന്ന് അറിയാന്‍ കഴിയുന്നത്. കൊച്ചിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് ഹോം ഗ്രൗണ്ട് മാറ്റുന്നത് ബ്ലാസ്‌റ്റേഴ്‌സിന്റെ ആലോചനയിലേ ഇല്ലത്രെ. പകരം ഗ്രൗസ് റൂട്ട് ലെവലില്‍ അക്കാദമി പോലുളള പ്രവര്‍ത്തനങ്ങള്‍ക്കും കഴിയുമെങ്കില്‍ പ്രീസീസണില്‍ ചില സൗഹൃദ മത്സരങ്ങളും കോഴിക്കോട് സംഘടിപ്പിക്കുന്നതിനെ കുറിച്ചാണ് ബ്ലാസ്‌റ്റേഴ്‌സ് ആലോചിക്കുന്നത്. മലബാറിലുളള ആരാധകരെ ലക്ഷ്യം വെച്ചുളള ബ്ലാസ്റ്റേഴ്‌സിന്റെ നീക്കം മാത്രമാണിത്.
അതെസമയം ഐലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടാണ് കോഴിക്കോട് എന്നതിനാല്‍ മറ്റൊരു നീക്കവും ബ്ലാസ്‌റ്റേഴ്‌സിന് തല്‍കാലത്തേയ്ക്ക് സാധ്യമല്ല. കോഴിക്കോടിലേക്ക് ബ്ലാസ്‌റ്റേഴ്‌സ് വരുന്ന എന്ന വാര്‍ത്തയ്‌ക്കെതിരെ അതിശക്തമായാണ് ഗോകുലം കേരള എഫ്‌സി ഇതിനോടകം തന്നെ നിലപാടെടുത്തത്.