ആക്രമണത്തിൽ ഡെംബലെയെ വേണമെന്ന് യർഗെൻ ക്ളോപ്പ്‌, ലോൺ ഡീലിനു മുൻഗണന

ബാഴ്സലോണയുടെ ഫ്രഞ്ച് മുന്നേറ്റനിര താരമായ ഊസ്മാൻ ഡെംബെലെയെ ലോണിൽ സ്വന്തമാക്കാൻ താൽപര്യം പ്രകടിപ്പിച്ചിരിക്കുകയാണ് പ്രീമിയർ ലീഗ് വമ്പന്മാരായ ലിവർപൂൾ. ട്രാൻസ്ഫർ ജാലകത്തിൽ തിയാഗോ അൽകന്റാരയേ ടീമിലെത്തിച്ചു ട്രാൻസ്ഫറുകൾക്ക് തുടക്കം കുറിച്ചതിനോടൊപ്പം ലിവർപൂൾ ടീമിനെ ശക്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ്.

ഡെംബലെക്കു വേണ്ടി ലിവർപൂൾ ശ്രമമാരംഭിച്ചുവെന്ന് സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്. താരത്തിന്റെ ശമ്പളം മുഴുവൻ നൽകുന്നതിനു പുറമെ നിശ്ചിത തുക ലോൺ തുകയായും നൽകാമെന്നാണ് ലിവർപൂളിന്റെ വാഗ്ദാനം. എന്നാൽ ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത് ബാഴ്‌സക്ക് താരത്തെ ലോണിൽ വിടാനല്ല, വിൽക്കാനാണു ഉദ്ദേശമെന്നാണ്.

സലാ, ഫിർമിനോ, മാനേ എന്നിങ്ങനെ മികച്ച മുന്നേറ്റ നിര ലിവർപൂളിനു സ്വന്തമായി ഉണ്ടെങ്കിലും ഇവരോടു മത്സരിക്കാൻ കഴിയുന്ന ഒരു താരത്തെക്കൂടി മുന്നേറ്റ നിരയിൽ വേണമെന്നാണ് ക്ളോപ്പിന്റെ ആവശ്യം. ഡെംബലെ അത്തരത്തിലുള്ള വേഗതയേറിയ താരമാണ്. നിലവിൽ മുന്നേറ്റ നിരയിൽ ബാക്കപ്പുകളായി കളിക്കുന്ന ഒറിഗിയും ഷാക്കിരിയും മികച്ച പ്രകടനം കാഴ്ച വെക്കുമെന്നു ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ക്ളോപ്പിന്റെ ഇത്തരത്തിലൊരു നീക്കം.

നെയ്മർക്കു പകരക്കാരനായി ബാഴ്സ സ്വന്തമാക്കിയ ഡെംബലെക്കു പക്ഷേ ഇതു വരെയും ടീമിനു വേണ്ടി മികച്ച പ്രകടനം കാഴ്ച വെക്കാൻ സാധിച്ചിട്ടില്ല. നിരന്തരമുള്ള പരിക്കാണ് താരത്തിന്റെ കരിയറിന് തിരിച്ചടിയായി ഉയർന്നു വന്നത്. ഈ സീസണിൽ ട്രിൻകാവോ, പെഡ്രി എന്നിവരെ ബാഴ്സ ടീമിലെത്തിച്ചതു കൊണ്ട് ഡെംബലക്ക് ബാഴ്സയിൽ അവസരങ്ങൾ കുറയാനുള്ള സാധ്യതയും വിദൂരമല്ല. കൂടുതൽ പരിക്കിലേക്കു പോകാതെ എത്രയും പെട്ടെന്ന് വിട്ടൊഴിവാക്കാനും ബാഴ്സ തുനിഞ്ഞേക്കും.

You Might Also Like