ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഏറ്റുമുട്ടുക ഇവര്‍, ക്ലോപ്പിന്റെ പ്രവചനം അറംപറ്റുമോ?

Image 3
FeaturedFootball

ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ പതിനാറില്‍ പുറത്തായെങ്കിലും സീസണിന്റെ അവസാനത്തിലേക്ക് ഉറ്റുനോക്കുകയാണ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ പരിശീലകന്‍ ജെര്‍ഗന്‍ ക്‌ളോപ്പ്. കഴിഞ്ഞവര്‍ഷത്തെ ചാമ്പ്യന്‍മാരാണെങ്കിലും കൊറോണക്ക് മുമ്പ് നടന്ന ചാമ്പ്യന്‍സ് ലീഗിന്റെ പ്രീ ക്വാര്‍ട്ടറില്‍ ലിവര്‍പൂള്‍ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരത്തില്‍ പുറത്താവുകയായിരുന്നു.

കൊറോണ മൂലം നിര്‍ത്തിവെച്ചിരുന്ന ടൂര്‍ണമെന്റ് അടുത്ത മാസം പുനരാരംഭിക്കാനിരിക്കുകയാണ്. ബാക്കിയുള്ള പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും ക്വാര്‍ട്ടര്‍, സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളും പതിനാറു ദിവസങ്ങള്‍ കൊണ്ട് തീര്‍ക്കാനാണ് യുവേഫ തീരുമാനിച്ചിരിക്കുന്നത്.

ഈ വര്‍ഷത്തെ ചാമ്പ്യന്‍ ലീഗ് ജേതാക്കള്‍ മാഞ്ചസ്റ്റര്‍സിറ്റിയോ ബയേണ്‍മ്യൂണിക്കോ ആവുമെന്നാണ് ക്ലോപ്പ് പ്രവചിച്ചിരിക്കുന്നത്. റയല്‍ മാഡ്രിഡിന്റെ തട്ടകത്തില്‍ ചെന്ന് 2-1 നു ആദ്യ പാദം വിജയിച്ച സിറ്റി മികച്ച ടീമാണെന്ന് കോപ്പ് അവകാശപ്പെട്ടു. ഒട്ടും മോശമല്ലാതെ മൂന്നു ഗോളിന് ചെല്‍സിയെ തോല്‍പ്പിച്ച് ബയേണ്‍ മ്യൂണിക്കും മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട്. രണ്ടു പേരും ഫൈനലിലെത്താനും ഷൂട്ടൗട്ട് കാണാനും ആഗ്രഹിക്കുന്നുവെന്ന് ക്ലോപ്പ് വെളിപ്പെടുത്തി.

‘എല്ലാവര്‍ക്കും ചാമ്പ്യന്‍സ് ലീഗ് ജയിക്കാന്‍ ഭാഗ്യം അത്യാവശ്യമാണ്. എങ്കിലും ഫൈനലിനു വേണ്ടി മികച്ച ലൈനപ്പ് ഉണ്ടെങ്കില്‍ എപ്പോഴും മുന്നേറാന്‍ കഴിയുമെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു. മറ്റുള്ളവര്‍ക്ക് ജയിക്കാന്‍ അവസരമില്ലെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് തോന്നുന്നത് ഇവരാണ് ഫൈനലിലെത്താന്‍ സാധ്യതയെന്നാണ്. ‘ ക്ലോപ്പ് കൂട്ടിച്ചേര്‍ത്തു.