കിബുവിനെ പുറത്താക്കി ബ്ലാസ്റ്റേഴ്‌സ്, നിരാശയുടെ അങ്ങേയറ്റത് മഞ്ഞപ്പട

ഐഎസ്എല്ലില്‍ മോശം പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അവരുടെ സ്പാനിഷ് പരിശീലകന്‍ കിബു വികൂനയെ പുറത്താക്കി. ഹൈദരാബാദ് എഫ്സിക്കെതിരായ വമ്പന്‍ തോല്‍വിക്ക് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ പുറത്താക്കിയ വിവരം പുറത്ത് വന്നത്.

പ്ലേ ഓഫ് പ്രതീക്ഷകള്‍ നേരത്തെ തന്നെ അസ്തമിച്ചിരുന്ന ബ്ലാസ്റ്റേഴ്‌സിന് ഹൈദരാബാദ് എഫ്സിക്കെതിരെയും വമ്പന്‍ തോല്‍വിയാണ് പിണഞ്ഞത്. ഇതിന് പിന്നാലെയാണ് മാനേജ്‌മെന്റ് കടുത്ത നിലപാടിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സീസണില്‍ 18 മത്സരങ്ങളില്‍ മൂന്ന് വിജയം മാത്രം സ്വന്തമാക്കിയ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്.

കഴിഞ്ഞ സീസണില്‍ മോഹന്‍ ബഗാനെ ഐലീഗ് ചാമ്പ്യന്‍മാരാക്കിയതിന് പിന്നാലെയാണ് ബ്ലാസ്റ്റേഴ്‌സ് കിബുവിനെ മുഖ്യപരിശീലകനാക്കി നിയമിച്ചത്. എ്ന്നാല്‍ ഐലീഗില്‍ കാട്ടിയ മികവ് ഐഎസ്എല്ലില്‍ കിബുവിന് തുടരാനായില്ല.

എതിരില്ലാത്ത നാല് ഗോളിനാണ് അവസാനമത്സരത്തില്‍ ഹൈദരാബാദിനു മുന്നില്‍ കൊമ്പന്‍മാര്‍ അടിയറവ് പറഞ്ഞത്. ഇരട്ടഗോളോടെ ഫ്രാന്‍ സന്‍ഡാസയും അരിഡാനെ സന്റാനയും ഇഞ്ചുറി ടൈമില്‍ ജോവ വിട്കറുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ കഥ കഴിച്ചത്.

ആക്രമണ ഫുട്‌ബോള്‍ കാഴ്ചവെച്ച ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയില്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും പിറന്നത്. പതിവുപോലെ ആക്രമണത്തില്‍ മുന്നിട്ടു നിന്നപ്പോള്‍ പ്രതിരോധമാണ് ബ്ലാസ്റ്റേഴ്‌സിനെ ചതിച്ചത്.

രണ്ട് ഗോള്‍ മുന്നിലെത്തിയതോടെ പ്രതീക്ഷ നഷ്ടമായ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ ഗോള്‍ വഴങ്ങാതിരിക്കാനാണ് പിന്നീട് ശ്രമിച്ചത്. എന്നാല്‍ 86-ാം മിനിറ്റില്‍ ലൂയിസ് സാസ്‌ട്രേയുടെ പാസില്‍ നിന്ന് അരിഡാനെ സന്റാന മാന്യമായ തോല്‍വിയെന്ന ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷകള്‍ തകര്‍ത്ത് ഹൈദരാബാദിന്റെ മൂന്നാം ഗോളും നേടി. ഇഞ്ചുറി ടൈമില്‍ ലഭിച്ച ഫ്രീ കിക്കില്‍ നിന്ന് ജോവോ വിക്ടറും വല ചലിപ്പിച്ചതോടെ ബ്ലാസ്റ്റേഴ്‌സിന്റെ പതനം പൂര്‍ത്തിയായി.

ജയത്തോടെ 18 കളികളില്‍ 27 പോയന്റുമായി ഹൈദരാബാദ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ 18 കളികളില്‍ 16 പോയന്റുമായി ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്ത് തുടരുന്നു.

You Might Also Like