ഒടുവില്‍ കിബുവിന്റെ പിള്ളേര് വരുന്നു, ഷറ്റോരിയുടെ ശിഷ്യന്മാര്‍ കൂട്ടമായി പുറത്തേയ്ക്ക്
ഐഎസ്എല്‍ പുതിയ സീസണിനായി കേരള ബ്ലാസ്റ്റേഴ്സ് തലമാറിയപ്പോള്‍ അത് കളിക്കാരിലും വലിയ മാറ്റമുണ്ടാക്കും ഡച്ച് പരിശീലകന്‍ എല്‍ഗോ ഷറ്റോരിയ്ക്ക് പകരമെത്തിയ കിബു വികൂനയാണ് ഇനി ടീമില്‍ ആരെല്ലാം വേണമെന്നും വേണ്ടെന്നും തീരുമാനിയ്ക്കുക. കൂടാതെ കിബുവിന്റെ നിരവധി ശിഷ്യന്മാര്‍ ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്സിലേക്ക് കുടിയേറുമെന്നും അഭ്യൂഹമുണ്ട്.
ഐ ലീഗില്‍ മോഹന്‍ബഗാനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ കിബുവിന് തുണയായ വിദേശതാരങ്ങളില്‍ രണ്ട് പേര്‍ ബ്ലാസ്റ്റേഴ്സിലേക്കെത്തുമെന്ന സൂചന ശക്തമാണ്. സ്പാനിഷ് മുന്നേറ്റനിരക്കാരന്‍ ജോസെബെ ബെയ്റ്റിയ, മധ്യനിരക്കാരന്‍ ഫ്രാന്‍ ഗോണ്‍സാലസ് എന്നിവരുടെ പേരുകളാണ് പറഞ്ഞുകേള്‍ക്കുന്നത്.
ഇവരെ കൂടാതെ എടികെ പ്രതിരോധ താരം വിക്ടര്‍ മോങ്ങിനെ സ്വന്തമാക്കാനും ബ്ലാസ്റ്റേഴ്സ് ആലോചിക്കുന്നുണ്ട്. റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന്‍ ഗോണ്‍സാലെസ് (31) റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. ഹോസെബ, റയല്‍ സോസിദാദിന്റെ താരമായിരുന്നു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറാണ് ഈ ഇരുപത്തിയൊന്‍പതുകാരന്‍.
അതെസമയം എല്‍കോ ഷട്ടോറി പുറത്തായതോടെ ടീമിലെ ഇപ്പോഴുളള വിദേശതാരങ്ങളുടെ കാര്യത്തില്‍ ആശങ്കയുയര്‍ന്നിട്ടുണ്ട്. നൈജീരിയന്‍ താരവും ടീം നായകനുമായ ബര്‍ത്തലോമ്യു ഒഗ്ബെച്ച, സ്പാനിഷ് താരം സെര്‍ജി സിഡോഞ്ച എന്നിവരുമായി ടീമിന് ഒരു വര്‍ഷംകൂടി കരാറുണ്ട്. ഇരുവരും ടീമില്‍ തുടര്‍ന്നേക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
അതെസമയം കഴിഞ്ഞ സീസണില്‍ നന്നായി കളിച്ച കാമറൂണ്‍ താരം റാഫേല്‍ മെസ്സിയുടെ ഭാവി പുതിയ പരിശീലകന്‍ കിബുവിന്റെ കൈയിലാണ്. മറ്റുള്ളവര്‍ ടീമില്‍ തുടരാന്‍ സാധ്യതയില്ല.