സഹലിനെ എന്തുകൊണ്ട് പകരക്കാരനായി പോലും പരിഗണിച്ചില്ല, വെളിപ്പെടുത്തലുമായി വികൂന

ഐഎസ്എല്ലില്‍ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദുല്‍ സമദിനെ ഇറക്കാതിരുന്നതിന് വിശദീകരിണവുമായി പരിശീലകന്‍ കിബു വികൂന. സഹല്‍ നോര്‍ത്ത് ഈസ്റ്റിനെതിരായ മത്സരം കളിക്കാന്‍ ശാരീരികമായി തയ്യാറായിരുന്നില്ലെന്നാണ് വികൂന നല്‍കുന്ന വിശദീകരണം.

മത്സരശേഷം നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കിബു വികൂന ഇക്കാര്യം വെളിപ്പെടുത്തിയത്. അതെസമയം ഞായറാഴ്ച്ച ഒഡീഷയ്‌ക്കെതിരായ മത്സരത്തില്‍ സഹല്‍ കളിക്കാന്‍ അദ്ദേഹം തയ്യാറാണെന്ന് പ്രതീക്ഷിക്കുന്നതായും വികൂന കൂട്ടിചേര്‍ത്തു.

നേരത്തെ എടികെ മോഹന്‍ ബഗാനെതിരായ ആദ്യ മത്സരത്തില്‍ സഹല്‍ അബ്ദുസമദ് കളിച്ചിരുന്നു. എന്നാല്‍ മത്സരത്തില്‍ കാര്യമായ പ്രകടനം കാഴ്ച്ചവെക്കാനാകാതെ പോയതോടെ താരം ഏറെ വിമര്‍ശനത്തിനും ഇരയായിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം മത്സരത്തില്‍ സഹലിനെ പകരക്കാരനായി പോലും വികൂന പരീക്ഷിക്കാതിരുന്നത്.

മത്സരത്തില്‍ രണ്ട് ഗോള്‍ വീതം നേടിയാണ് കേരള ബ്ലാസ്‌റ്റേഴ്‌സും നോര്‍ത്ത് ഈസ്റ്റും സമനില നേടിയത്. . അഞ്ചാം മിനുറ്റില്‍ നായകന്‍ സെര്‍ജിയോ സിഡോഞ്ചയും 45ാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ ഗാരി ഹൂപ്പറുമാണ് കേരള ബ്ലാസ്റ്റേഴ്സിനായി വല ചലിപ്പിച്ചത്. 51ാം മിനുറ്റില്‍ അപിയയും 90ാം മിനുറ്റില്‍ ഇദ്രിസ സില്ലയും ഹൈലാന്‍ഡേഴ്സിനായി മറുപടി ഗോള്‍ നേടി.

29ന് ഒഡീഷ എഫ്സിക്കെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. എടികെ മോഹന്‍ബഗാനെതിരായ മത്സരത്തില്‍ നിന്ന് നാലു മാറ്റങ്ങളാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ കോച്ച് കിബു വികൂന വരുത്തിയത്. ആല്‍ബിനോ ഗോമെസിനെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വലയ്ക്ക് മുന്നില്‍ നിര്‍ത്തി. പ്രതിരോധത്തില്‍ ബകാരി കോനെ, കോസ്റ്റ ന്യമോയിന്‍സു, ജെസെല്‍ കര്‍ണെയ്റോ എന്നിവര്‍ക്കൊപ്പം നിഷു കുമാറും അണിനിരന്നു. മധ്യനിരയില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ സിഡോഞ്ച, വിന്‍സെന്റെ ഗോമസ്, രോഹിത് കുമാര്‍, ലാല്‍താതാംഗ ഖാല്‍റിങ്, സെയ്ത്യസെന്‍ സിങ് എന്നിവരും മുന്നേറ്റത്തില്‍ ഗാരി ഹൂപ്പറും.

You Might Also Like