ബ്ലാസ്റ്റേഴ്‌സിലേക്ക് ആ താരങ്ങള്‍ എന്നോടൊപ്പമുണ്ടാകും, വെളിപ്പെടുത്തലുമായി കിബു വികൂന

Image 3
FootballISL

ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മോഹന്‍ ബഗാന്‍ താരങ്ങളുടെ വരവ് വെളിപ്പെടുത്തി പുതിയ കോച്ച് കിബു വികൂന. ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോട്‌സ് വെബ് സൈറ്റായ ദ ബ്രിഡ്ജിന് അനുവദിച്ച അഭിമുഖത്തിലാണ് വികൂന ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ ഏതെല്ലാം താരങ്ങളാണ് വരുന്നതെന്ന കാര്യം ഭാവിയിലെ വെളിപ്പെടുത്താനാകു എന്നും വികൂന പറയുന്നു.

‘മുമ്പ് കളിച്ച താരങ്ങളോടൊപ്പം വര്‍ക്ക് ചെയ്യാന്‍ ഞാനേറെ ഇഷ്ടപ്പെടുന്നു. കേരളത്തിന് വേണ്ടി കരുത്തുറ്റ ഒരു ടീമിനെ ഉണ്ടാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ തന്നെ അടുത്ത സീസണില്‍ മോഹന്‍ ബഗാനില്‍ നിന്നുളള ചില താരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിലേക്ക് എത്തിയേക്കു. എന്നാല്‍ ഭാവിയിലെ അവരുടെ പേര് പറയാനാകു’ വികൂന പറയുന്നു.

ബഗാനില്‍ വിക്കൂനയുടെ തുറുപ്പുചീട്ടുകളായിരുന്ന സ്പാനിഷ് മിഡ്ഫീല്‍ഡര്‍മാരായ ഫ്രാന്‍ ഗോണ്‍സാലെസ്, ഹോസെബ ബെയ്റ്റിയ, സെനഗലില്‍ നിന്നുള്ള സെന്റര്‍ ഫോര്‍വേഡ് ബാബാ ഡിയവാറ എന്നിവര്‍ ബ്ലാസ്റ്റേഴ്സില്‍ എത്തിയേക്കുമെന്നാണ് സൂചന.

സ്പാനിഷ് ലാ ലിഗയിലെ സെവിയ്യ, ലെവാന്തെ, ഗെറ്റാഫെ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള ഡിയവാറ (32) ഐ ലീഗ് തുടങ്ങിയ ശേഷം പകരക്കാരന്‍ സ്ട്രൈക്കറായാണു ബഗാനിലെത്തിയത്. റയല്‍ മഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന ഫ്രാന്‍ ഗോണ്‍സാലെസ് (31) റയല്‍ സരഗോസ, ഡിപോര്‍ട്ടീവോ ടീമുകളില്‍ കളിച്ചാണ് ഇന്ത്യയിലെത്തിയത്.

ഡിഫന്‍സീവ് മിഡ്ഫീല്‍ഡറാണ്. ഹോസെബ, റയല്‍ സോസിദാദിന്റെ താരമായിരുന്നു. സെന്‍ട്രല്‍ മിഡ്ഫീല്‍ഡറാണ് ഈ ഇരുപത്തിയൊന്‍പതുകാരന്‍.

വിദേശ താരങ്ങളെ കുറയ്ക്കാനുളള ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ നീക്കത്തേയും വികൂന എതിര്‍ക്കുന്നു. വിദേശ താരങ്ങളില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ക്ക് വളരെ വേഗത്തില്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചെടുക്കാനാകുമെന്നും വിദേശികളെ കുറയ്ക്കാനുളള തീരുമാനം നല്ലതല്ലെന്നും വികൂന അഭിപ്രായപ്പെട്ടു.