മറ്റുളളവരുടെ കാര്യം എനിക്കറിയണ്ട, ബ്ലാസ്റ്റേഴ്‌സ് എന്തെങ്കിലും ഓഫര്‍ തന്നിട്ടുണ്ടോ?, ആ താരത്തിന്റെ അന്വേഷണം

ഐഎസ്എല്ലിലെ പുതിയ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ കളിക്കാന്‍ മാത്രമേ താന്‍ ആഗ്രഹിച്ചിരുന്നുളളുവെന്ന് വെളിപ്പെടുത്തലുമായി ജെസല്‍ കാര്‍നെറോ. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ആനന്ദ് ത്യാഗിയോട് തത്സമയം സംസാരിച്ചപ്പോഴാണ് ജെസലിന്റെ ശ്രദ്ധേയ വെളിപ്പെടുത്തല്‍.

‘കരാര്‍ പുതുക്കലിനെ കുറിച്ച് ഏജന്റ് ചോദിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു, മറ്റ് ക്ലബ്ബിന്റെ ഓഫറുകളെ കുറിച്ച് എന്നോട് പറയേണ്ടതില്ല, കേരള ബ്ലാസ്റ്റേഴ്‌സ് ഒരു കരാര്‍ വാഗ്ദാനം ചെയ്താല്‍ മാത്രം എന്നോട് പറഞ്ഞാല്‍ മതി, ബ്ലാസ്‌റ്റേഴ്‌സ് തരുന്ന ഏതൊരു കരാറും എനിക്ക് കുഴപ്പമില്ല, ഞാന്‍ ഒപ്പിടും’ ജെസല്‍ പറയുന്നു.

ജെസലിന്റെ ആഗ്രഹം പോലെ തന്നെ ബ്ലാസ്‌റ്റേഴ്‌സ് ഗോവന്‍ താരത്തിന് കരാര്‍ വാഗ്ദാനം ചെയ്യുകയും ബ്ലാസ്‌റ്റേഴ്‌സിന്റെ ഏഴാം സീസണിലേക്കുളള ആദ്യ താരമായി ജെസല്‍ കരാര്‍ ഒപ്പിടുകയും ചെയ്തു. മൂന്ന് വര്‍ഷത്തേക്കാണ് ജസലുമായുളള കരാര്‍ ബ്ലാസ്റ്റേഴ്‌സ് ഒപ്പിട്ടത്. ഏകദേശം 70 ലക്ഷത്തോളം രൂപയാണ് ഒരു വര്‍ഷം ജെസലിന് ബ്ലാസ്റ്റേഴ്‌സ് നല്‍കുക.

അടുത്ത സീസണില്‍ എടികെ മോഹന്‍ ബഗാനെ നേരിടുന്നത് ഓര്‍ക്കുമ്പോള്‍ നിങ്ങളുടെ ഫീല്‍ എന്താണെന്ന് ആനന്ദ് ത്യാഗി ജെസിലനോട് ചോദിച്ചപ്പോള്‍ താരത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ‘എല്ലാ ടീമും ഒരുപോലെയാണ്. ഞങ്ങള്‍ 11 പേരുമായി കളിക്കുന്നു അതുപോലെ അവരും 11 പേരുമായി കളിക്കുന്നു’ ജെസല്‍ പറഞ്ഞു.

ജെസലുമായുളള ആനന്ദ് ത്യാഗിയുടെ അഭിമുഖം കാണാം

കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി എല്ലാ മത്സരവും കളിച്ച താരമാണ് ജെസല്‍. ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്സിനായി ലെഫ്റ്റ്-ബാക്കായി മികച്ച പ്രകടനം കാഴ്ച വെച്ച താരം, ഇടത് വിങ്ങിലൂടെ ആക്രമണനീക്കങ്ങളും ബ്ലാസ്റ്റേഴ്സിന് വേണ്ടി നടത്തിയിട്ടുണ്ട്. ജസലിന്റെ പേരില്‍ രണ്ട് അസിസ്റ്റുകള്‍ മാത്രമാണുള്ളതെങ്കിലും, താരം 40 ക്രോസ്സുകള്‍ നല്‍കിയിട്ടുണ്ട്.

ടീമിന് വേണ്ടി ഓരോ മത്സരത്തിലും ശരാശരി 40.33 പാസുകള്‍ താരം നല്‍കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇത് വരെ 50 ക്ലിയറന്‍സും, 24 ടാക്കിളുകളും, 17 ഇന്റര്‍സെപ്ഷനും, 11 ബ്ലോക്കുകളും നടത്തിയിട്ടുണ്ട്.

ജെസലിനെ സ്വന്തമാക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മറ്റു ക്ലബുകളും നേരത്തെ രംഗത്തെത്തിയിരുന്നു. എ ടി കെ താരത്തെ സ്വന്തമാക്കിയേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. ഗോവയില്‍ നിന്നുള്ള താരമായ ജെസ്സലിനെ സ്വന്തമാക്കാന്‍ എഫ്‌സി ഗോവയും രംഗത്തുണ്ടായിരുന്നു

You Might Also Like