അടിത്തട്ട് ഇളകി ബ്ലാസ്‌റ്റേഴ്‌സ്, ജിങ്കന്‍ ക്ലബ് വിട്ടത് ഗത്യന്തരമില്ലാതെ

Image 3
FootballISL

സന്തേഷ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടത് ആരാധകരോടൊപ്പം ഞെട്ടിച്ചത് ഫുട്‌ബോള്‍ വിദഗ്ധരെ കൂടിയാണ്. കേരള ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മുതല്‍ കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച താരത്തെയാണ് ബ്ലാസ്‌റ്റേഴ്‌സ് ഒരു പ്രതിരോധം പോലെ ഉയര്‍ത്താതെ വിട്ടുകളഞ്ഞത്. ഇത് ഇന്ത്യയില്‍ ഫ്രാഞ്ചസി ഫുട്‌ബോള്‍ അകപ്പെട്ട സാമ്പത്തിക പ്രതിസന്ധിയുടെ ഗുരുതരാവസ്ഥ സൂചിപ്പിക്കുന്നു.

നേരത്തെ ശമ്പള കുടിശ്ശിക വരുത്തിയതിന് ഹൈദരാബാദിനൊപ്പം കേരള ബ്ലാസ്റ്റേഴ്‌സും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ജിങ്കനും ബ്ലാസ്റ്റേഴ്‌സ് വിടുന്നത്. താരങ്ങളോട് ശമ്പളം വെട്ടിക്കുറക്കണമെന്നും കഴിഞ്ഞ ആഴ്ച്ച ബ്ലാസ്റ്റേഴ്‌സ് ആവശ്യപ്പെട്ടിരുന്നു.

26കാരനായ ജിങ്കന്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ തന്നെ വിലയേറിയ താരമാണ്. ഒരു സീസണില്‍ 1.2 കോടി രൂപയാണ് ബ്ലാസ്റ്റേഴ്‌സ് ജിങ്കന് മാത്രം മുടക്കുന്നത്. ജിങ്കനോട് കൂടി ശമ്പളം വെട്ടിക്കുറയ്‌ക്കേണ്ടി വരും എന്ന് മാനേജുമെന്റ് അറിയിച്ചതോടെയാണ് ഇരുവരും രണ്ട് വഴിയ്ക്ക് പിരിയാന്‍ തീരുമാനിച്ചത്.

ഒട്ടേറെ ഓഫറുകള്‍ വന്നിട്ടും ആദ്യ സീസണ്‍ മുതല്‍ ബ്ലാസ്റ്റേഴ്‌സില്‍ തുടര്‍ന്ന താരമാണ് സന്ദേഷ് ജിങ്കന്‍. 76 മത്സരങ്ങലാണ് ജിങ്കന്‍ ബ്ലാസ്റ്റേഴ്‌സിനായി കളിച്ചത്. കഴിഞ്ഞ സീസണില്‍ പരിക്ക് മൂലം താരത്തിന് കളിയ്ക്കാനായിരുന്നില്ല.

വര്‍ഷങ്ങളായി ഇന്ത്യന്‍ ദേശീയ ടീമില്‍ കളിയ്ക്കുന്ന താരമാണ് സന്ദേഷ് ജിങ്കന്‍. ദേശീയ കോച്ചുമാരായ സ്റ്റീഫണ്‍ കോണ്‍സ്റ്റന്റീന്റേയും ഇഗോര്‍ സ്റ്റിമാക്കിന്റേയും എല്ലാം പ്രധാന താരങ്ങളില്‍ ഒരാളാണ് അദ്ദേഹം. കഴിഞ്ഞ ദിവസം ജിങ്കനെ അര്‍ജുന അവാര്‍ഡിന് ശിപാര്‍ശ ചെയ്യാന്‍ എഐഎഫ്എഫ് തീരുമാനിച്ചിരുന്നു.