നിലപാട് തിരുത്തി ടെറി ഫിലാന്‍, ‘അവന്‍ ബ്ലാസ്‌റ്റേഴ്‌സിനെ അടിമുടി മാറ്റി’

Image 3
FootballISL

കഴിഞ്ഞ ദിവസം കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോച്ച് ടെറി ഫിലാന്‍ രംഗത്ത് വന്നിരുന്നു. ബ്ലാസ്റ്റേഴ്സ് മാനേജുമെന്റിന് ദീര്‍ഘ വീക്ഷണമില്ലെന്നും സൂപ്പര്‍ താരം സന്ദേഷ് ജിങ്കനെ നഷ്ടപ്പെടുത്തിയത് പൊറുക്കാനാകാത്ത തെറ്റാണെന്നും ടെറി ഫിലാന്‍ പറഞ്ഞിരുന്നു.

‘ബ്ലാസ്റ്റേഴ്സിന് ഒരു ദീര്‍ഘ കാല അടിസ്ഥാനത്തിലുളള ആസൂത്രണം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ ആറ് സീസണിനിടെ എട്ട് കോച്ചുമാര്‍ ഉണ്ടാകുമായരുന്നില്ല. ടീമിന്റെ സ്ഥിരതയ്ക്ക് നിങ്ങള്‍ പ്രാധാന്യം കൊടുക്കുകയും ചെയ്യുമായിരന്നു. പുതുയ ഒരു പരിശീലകനെത്തുന്നത് പുതിയ ഐഡിയകളുമായാണ്. അത് പെട്ടെന്ന് വര്‍ക്ക് ഔട്ടാകണമെന്നുമില്ല. അതിനിടെ മറ്റൊരാളെത്തുമ്പോള്‍ കളിക്കാര്‍ പുതിയ പരിശീലകനുമായി യോജിച്ച് പോകാന്‍ പാടുപെടും’ ഫിലാന്‍ പറയുന്നു.

‘അവര്‍ അവരുടെ ഏറ്റവും വലിയ കളിക്കാരനായ ജിങ്കനെ നഷ്ടപ്പെടുത്തി. ആ തുള എങ്ങനെയാണ് അവര്‍ക്ക് അടക്കാനാകുക? അതൊരു വലിയ ചോദ്യമാണ്’ ഫിലാന്‍ പറയുന്നു.

ദ ഹിന്ദുവിന് അനുവദിച്ച അഭിമുഖത്തിലാണ് ടെറി ഫിലാന്‍ ബ്ലാസ്റ്റേഴ്‌സിനെതിരെ ആഞ്ഞടിച്ചത്. എന്നാല്‍ ആ നിലപാടില്‍ നിന്നും പിന്നോട്ട് പോയിരിക്കുകയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്‍ പരിശീലകനിപ്പോള്‍. പരിശീലകനായി കിബു വികൂനയുടെ വരവാണ് അതിന് കാരണമെന്നും ഫിലാന്‍ പറയുന്നു.

ടെറി ഫിലാന്‍ ഒരു നാല് മാസം മുമ്പാണ് ഇക്കാര്യം പറഞ്ഞതെങ്കില്‍ പൂര്‍ണ്ണമായും അംഗീകരിക്കുമായിരുന്നെന്നും ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ അവസ്ഥ വ്യത്യസ്തമാണെന്നും ഒരു ആരാധകന്റെ പ്രതികരണത്തിന് മറുപടിയായാണ് ടെറി ഫിലാന്‍ നിലപാട് മാറ്റിയത്. താന്‍ പറഞ്ഞത് നേരത്തെയുളള ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥയാണെന്നും ഇപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിന് പുതിയൊരു പരിശീകനുണ്ടെന്നും ഫിലാന്‍ പറയുന്നു. കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് വേണ്ടത് ഇപ്പോഴാണ് ലഭിച്ചതെന്നും ഐഎസ്എല്‍ കിരീടം നേടിയാലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

2015ല്‍ നടന്ന ഐഎസ്എല്‍ സീസണിലാണ് ടെറി ഫിലാന്‍ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനായത്. നിലവില്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് യുണൈറ്റഡ് ഫുട്ബോള്‍ അക്കാഡമിയുടെ ടെക്നിക്കല്‍ ഡയറക്ടരായാണ് ഫിലാന്‍ പ്രവര്‍ത്തിക്കുന്നത്.