ബ്ലാസ്റ്റേഴ്‌സുമായി സ്വാപ് ഡീലിനൊരുങ്ങി എടികെ, ലക്ഷ്യം സൂപ്പര്‍ താര കൈമാറ്റം

Image 3
FootballISL

ഐഎസ്എല്‍ ക്ലബുകളായ കേരള ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും താരങ്ങളെ പരസ്പരം കൈമാറാനാരുങ്ങുന്നതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും ടൈംസ് ഓഫ് ഇന്ത്യയുടെ സ്‌പോട്‌സ് ജേര്‍ണലിസ്റ്റുമായ മാര്‍കോസ് മെര്‍ഗുളാനോ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

ബ്ലാസ്‌റ്റേഴ്‌സ് ലക്ഷ്യം വെക്കുന്ന താരത്തെ നല്‍കാന്‍ എടികെ മോഹന്‍ ബഗാന്‍ തയ്യാറാണെന്ന് പറയുന്ന മെര്‍ഗുളാനോ എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സില്‍ നിന്ന് അവര്‍ ഒരു താരത്തെ ആഗ്രഹിക്കുന്നതായും വെളിപ്പെടുത്തുന്നു. എന്നാല്‍ ആ താരത്തെ ബ്ലാസ്റ്റേഴ്‌സിന് വിട്ടുകൊടുക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് മെര്‍ഗുളാനോ പറയുന്നത്.

ഇതോടെ ആ താരങ്ങളേതെന്ന അന്വേഷണത്തിലാണ് ആരാധകര്‍. ബ്ലാസ്‌റ്റേഴ്‌സ് ഇതിനോടകം തന്നെ കരാര്‍ ഒപ്പിട്ട ജെസലോ സൂപ്പര്‍ താരം സഹല്‍ അബ്ദുല്‍ സമദോ അല്ല കൊല്‍ക്കത്ത ആഗ്രഹിക്കുന്ന ബ്ലാസ്‌റ്റേഴ്‌സ് താരമെന്ന മാര്‍ക്കോസ് ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കെപി രാഹുലിനെയാണോ എടികെ ലക്ഷ്യം വെക്കുന്നത് എന്ന സംശയമാണ് കൂടുതല്‍ ആരാധകരില്‍ നിന്നും ഉയരുന്നത്.

മറുവശത്ത് ബ്ലാസ്റ്റേഴ്‌സ് ലക്ഷ്യം വെക്കുന്ന താരമേതെന്ന കാര്യത്തിലും സസ്‌പെന്‍സ് തുടരുകയാണ്. എസ് കെ സാഹിലോ, സലാം രഞ്ജന്‍ സിംഗോ ആയിരിക്കും ആ താരമെന്ന നിഗമനത്തിലാണ് ആരാധകര്‍. ബോറിസ് സിംഗിനെ കുറിച്ചും ഊഹാപോഹം പ്രചരിക്കുന്നുണ്ട്.

ഏതായാലും വലിയ വാര്‍ത്തയ്ക്കായി ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് ആരാധകര്‍. അത് ബ്ലാസ്റ്റേഴ്‌സിന് ഗുണകരമാകുമോയെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്.