ഔദ്യോഗിക പ്രഖ്യാപനമെത്തി, കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു താരം കൂടി

ഈ സീസണിലെ തിരിച്ചടികളെ മറികടന്ന് അടുത്ത സീസണിൽ കിരീടം നേടാനായി ടീമിനെ അഴിച്ചു പണിയാനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ ആറു താരങ്ങൾ ക്ലബ് വിടുമെന്നു സ്ഥിരീകരിച്ചിരുന്നു. മൂന്ന് വിദേശതാരങ്ങൾ ഉൾപ്പെടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും ആറു താരങ്ങൾ ക്ലബ് വിടുന്നത്. ഇവർക്ക് പകരക്കാരായി ആരെത്തുമെന്ന ചർച്ചകൾ അതോടെ സജീവമായി ആരാധകർ പങ്കു വെച്ചിരുന്നു.

എന്തായാലും ആരാധകർക്ക് ആവേശം നൽകി കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സൈനിങ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്. കഴിഞ്ഞ സീസണിൽ ബെംഗളൂരു എഫ്‌സിക്ക് വേണ്ടി കളിച്ച പ്രബീർ ദാസിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇരുപത്തിയൊമ്പതു വയസുള്ള താരത്തെ ഫ്രീ ഏജന്റായാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്. ഇതോടെ ഖബ്‌റയുടെ പകരക്കാരനായി മികച്ചൊരു താരം തന്നെ ടീമിന്റെ ഭാഗമായിട്ടുണ്ട്.

നിരവധി വർഷങ്ങൾ എടികെ മോഹൻ ബഗാനു വേണ്ടി കളിച്ച താരമായ  പ്രബീർ ദാസിനെ കഴിഞ്ഞ സമ്മറിൽ ആഷിക് കുരുണിയനുമായുള്ള കൈമാറ്റക്കരാറിലാണ് ബെംഗളൂരു സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ മൂന്നു ഫൈനൽ കളിച്ച ബെംഗളൂരു ടീമിൽ സ്ഥിര സാന്നിധ്യമായിരുന്നു താരം. പ്രബീർ ദാസിന്റെ പരിചയസമ്പത്തും ടൂർണമെന്റിലെ അനുഭവജ്ഞാനവും ടീമിന് വലിയ മുതൽക്കൂട്ടാണ്.

ഇന്ത്യൻ ആരോസിലൂടെ കരിയർ ആരംഭിച്ച പ്രബീർ ദാസ് പിന്നീട് ഡെമ്പോയിൽ കളിക്കുമ്പോൾ ഗോവ, ഡൽഹി ഡൈനാമോസ് തുടങ്ങിയ ക്ലബുകളിൽ ലോണിൽ കളിച്ചിട്ടുണ്ട്. അവിടെ നിന്നും മോഹൻബഗാനിലേക്കും പിന്നീട് എടികെയിലേക്കും ചേക്കേറിയ താരം 2015 മുതൽ 2022 വരെ കൊൽക്കത്തയിൽ തന്നെയായിരുന്നു. ഒരു ഐ ലീഗ് കിരീടവും രണ്ട് ഐഎസ്എൽ കിരീടവും താരം സ്വന്തമാക്കിയിട്ടുണ്ട്.

You Might Also Like