പുതിയ കളികൾക്കായി കേരള ബ്ലാസ്റ്റേഴ്‌സ്, വിദേശതാരത്തിന്റെ സൈനിങ്‌ പ്രഖ്യാപിച്ചു

നിരാശപ്പെടുത്തിയ ഈ സീസണിനു ശേഷം അടുത്ത സീസണിൽ കിരീടം നേടാനുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സ് കിടിലൻ വിദേശതാരത്തിന്റെ സൈനിങ്‌ അൽപസമയം മുൻപ് പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ ലീഗിൽ ന്യൂകാസിൽ ജെറ്റ്‌സിന്റെ താരമായിരുന്ന ഇരുപത്തിയേഴുകാരനായ ജൗഷുവ സോട്ടിറിയോ ആണ് അടുത്ത സീസണിൽ കൊമ്പന്മാർക്കായി ബൂട്ടണിയുക.

ഈ സീസണിൽ മുന്നേറ്റനിരയിൽ കളിച്ചിരുന്ന ഗ്രീക്ക് സ്‌ട്രൈക്കറായ ജിയാനു അടുത്ത സീസണിൽ ക്ലബിനൊപ്പം ഉണ്ടാകില്ലെന്ന് തീർച്ചയാണ്. അതുകൊണ്ടു തന്നെ കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം നടത്തുകയും ഗോളുകൾ അടിച്ചു കൂട്ടുകയും ചെയ്‌ത ദിമിത്രിയോസിനു മുന്നേറ്റനിരയിൽ ഒരു മികച്ച പങ്കാളിയെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൗഷുവയെ കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയയിൽ ജനിച്ച ജൗഷുവ മാർക്കോണി സ്റ്റാല്ലിയൻസ് എന്ന ക്ലബിലൂടെയാണ് പ്രൊഫെഷണൽ ഫുട്ബോളിലേക്ക് വരുന്നത്. അതിനു ശേഷം വെസ്റ്റേൺ സിഡ്‌നി വാണ്ടറേഴ്‌സ്, വെല്ലിങ്‌ടൺ ഫീനിക്‌സ്, ന്യൂകാസിൽ ജെറ്റ്സ് എന്നീ ടീമുകൾക്കായി കളിച്ചതിനു ശേഷമാണ് താരം കേരള ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരുന്നത്. ഇതിനു പുറമെ ഓസ്‌ട്രേലിയയുടെ അണ്ടർ 20, അണ്ടർ 23 ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

സ്റ്റാലിയൻസിനു വേണ്ടി നാല് മത്സരങ്ങളിൽ നിന്നും ഒരു ഗോൾ നേടിയ താരം അതിനു ശേഷം സിഡ്‌നി വാണ്ടറേഴ്‌സിന് വേണ്ടി 81 മത്സരങ്ങൾ കളിച്ച് പതിനൊന്നു ഗോളുകൾ നേടി. വെല്ലിങ്‌ടൺ ഫീനിക്‌സിനു വേണ്ടി 65 മത്സരങ്ങളിൽ 14 ഗോളുകൾ നേടിയ താരം ന്യൂകാസിലിനായി മൂന്നു ഗോളുകളാണ് കുറിച്ചിരിക്കുന്നത്. പതിനൊന്ന് അസിസ്റ്റുകളും താരത്തിന്റെ പേരിലുണ്ട്.

ഓസ്‌ട്രേലിയൻ ലീഗ് ഇന്ത്യൻ സൂപ്പർ ലീഗിനേക്കാൾ നിലവാരം കൂടിയതിനാൽ തന്നെ ജൗഷുവക്ക് കൂടുതൽ മികച്ച പ്രകടനം നടത്താൻ കഴിയും. ഗോളുകൾ അടിച്ചു കൂട്ടാൻ കഴിയുന്ന ദിമിക്ക് അതിനു അവസരങ്ങൾ ഉണ്ടാക്കി കൊടുക്കാനും ഒപ്പം അവസരങ്ങൾ മുതലെടുക്കാനും കഴിയുന്ന താരമെന്ന നിലയിൽ ജൗഷുവ ടീമിന് മുതൽക്കൂട്ടായിരിക്കും.

You Might Also Like