ജിങ്കന്റെ പകരക്കാരനെ ടീമിലെത്തിച്ച് ബ്ലാസ്റ്റേഴ്‌സ്, പ്രതിരോധത്തില്‍ പരീക്ഷണം

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതിരോധ നിരയിലേക്ക് യുവതാരം കെന്‍സ്റ്റാര്‍ ഖര്‍ഷോങുമായി കരാറൊപ്പിട്ട് കേരള ബ്ലാസ്‌റ്റേഴ്‌സ്. 21 വയസ്സായ കെന്‍സ്റ്റാര്‍ ഐലീഗ് ക്ലബ് ലജോങ് എഫ്‌സിയില്‍ നിന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് കുപ്പായം അണിയുക.

സന്ദേഷ് ജിങ്കന്‍ ബ്ലാസ്‌റ്റേഴ്‌സ് വിട്ടതോടെ പ്രതിരോധ നിരയില്‍ കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ ആവശ്യമുണ്ടെന്ന് തിരിച്ചറിവില്‍ നിന്നാണ് കെന്‍സ്റ്റാറിനെ ബ്ലാസ്‌റ്റേഴ്‌സ് സ്വന്തം നിരയിലെത്തിച്ചിരിക്കുന്നത്. മലയാളി താരം അബ്ദുല്‍ ഹഖുവിന് പുറമെയാണ് മേഘാലയ സ്വദേശിയായ കെന്‍സ്റ്റാറും ബ്ലാസ്റ്റേഴ്‌സിനായി പ്രതിരോധ നിരയില്‍ കളിക്കുക.

പ്രീ സീസണ്‍ മത്സരങ്ങളിലെ പ്രകടനം അനുസരിച്ചിരിക്കും കെന്‍സ്റ്റാറിന്റെ കേരള ബ്ലാസ്റ്റേഴ്‌സിലെ ഭാവി. കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ റിസര്‍വ്വ് ടീമില്‍ ലജോങില്‍ നിന്ന് ലോണില്‍ കളിച്ച താരമാണ് കെന്‍സ്റ്റാര്‍. ഇതോടെയാണ് താരത്തിന് മേല്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ കണ്ണെത്തിയത്.

ഷില്ലോങ് ലജോങ് അക്കാദമിയുടെ പ്രെഡക്റ്റായ യുവതാരം ഷില്ലോങ് ലീഗിലും മേഘാലയ സ്റ്റേറ്റ് ലീഗിലും ചാമ്പ്യന്മാരായ ഷില്ലോങ് ലജോങ് എഫ്‌സിയുടെ നായകന്‍ കൂടി ആയിരുന്നു. 2018ലാണ് കെന്‍സ്റ്റാര്‍ ഷില്ലോങിനായി ഐലീഗില്‍ അരങ്ങേറിയത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ നിരയില്‍ കെന്‍സ്റ്റാര്‍ മുതല്‍കൂട്ടാകും എന്ന് തന്നെയാണ് കരുതുന്നത്.

 

You Might Also Like