മഞ്ഞപ്പടയ്ക്കായി ശരീരത്തില്‍ ഇനിയും മുറിവേല്‍ക്കാന്‍ തയ്യാര്‍, വിദേശത്തേക്കെന്ന് സൂചിപ്പിച്ച് ജിംഗന്‍
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ വിദേശ ക്ലബിലേയ്ക്ക് കൂറുമാറുന്നു എന്ന റൂമറുകള്‍ക്ക് ശക്തിപകര്‍ന്ന് ഇന്ത്യന്‍ സൂപ്പര്‍ താരം സന്ദേഷ് ജിങ്കന്‍. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന് വേണ്ടി ഇന്‍സ്റ്റഗ്രാം ലൈവില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് യൂറോപ്യന്‍ ഫുട്‌ബോളില്‍ ഇന്ത്യന്‍ താരങ്ങള്‍ കളിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ജിങ്കന്‍ ധാരാളം സംസാരിച്ചത്.
‘ഇന്ത്യക്കാര്‍ മാത്രമല്ല, എല്ലാ ഏഷ്യന്‍ കുട്ടികളും യൂറോപ്യന്‍ ലീഗുകള്‍ സ്വപ്‌നമായി കൊണ്ട് നടക്കുന്നവരാണ്. ലാ ലിഗയിലും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലുമെല്ലാം ഒന്ന് പന്ത് തട്ടണമെന്ന് ആഗ്രഹിക്കാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ അതത്ര എളുപ്പമല്ല. കഠിനമായ പരീക്ഷണങ്ങള്‍ അതിജയിച്ചാലെ ആ ലക്ഷ്യത്തിലെത്താനാകു’ ജിങ്കന്‍ പറയുന്നു.
ഭാവിയില്‍ ധാരാളം ഇന്ത്യയ്ക്കാര്‍ യൂറോപ്പില്‍ കളിയ്ക്കുന്ന കാണാനാകുമെന്നും അതിനായി അഹോരാത്രം അധ്വാനത്തിലാണ് നമ്മുടെ കുട്ടികളെന്നും ജങ്കന്‍ കൂട്ടിചേര്‍ത്തു . അടുത്ത 15 വര്‍ഷങ്ങള്‍ക്കുളളില്‍ യൂറോപ്പില്‍ ഇന്ത്യയ്ക്കാര്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നും ജിങ്കന്‍ പ്രവചിച്ചു.
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനെ കുറിച്ചും ആരാധകര്‍ക്ക് തന്റെ ഹൃദയത്തിലുളള സ്ഥാനത്തെ കുറിച്ചും അദ്ദേഹം മനസ്സ് തുറന്നു. ‘കേരളം എന്റെ രണ്ടാം വീടാണ്. കേരളീയര്‍ എന്റെ കുടുംബത്തെപ്പോലെയാണ്. അവക്ക് എന്റെ ഹൃദയത്തില്‍ വലിയ സ്ഥാനമുണ്ട്. എന്നെ വളരാന്‍ അവര്‍ ഏറെ സഹായിച്ചു. അവര്‍ നിരുപാധികമായ സ്‌നേഹം പ്രകടിപ്പിച്ചു. അവര്‍ ഇന്ത്യന്‍ ടീമിനും പിന്തുണ നല്‍കി’ ജിങ്കന്‍ വാചാലനായി.
ക്ലബ് വിട്ടിട്ടും അവര്‍ തന്റെ മേല്‍ സ്‌നേഹം ചൊരിയുന്നത് അവരുടെ മനസ്സില്‍ തനിക്ക് സ്ഥാനം ഉള്ളതിനാലാണെന്നും ഇത് തനിയ്ക്ക് വളരെയധികം ഊര്‍ജം നല്‍കുന്നതായും ജിങ്കന്‍ പറഞ്ഞു. ‘കൊച്ചി സ്റ്റേഡിയത്തില്‍ കളിക്കുന്നത് ഒരു വലിയ ഓര്‍മ്മയായിരുന്നു. അവരുടെ പുഞ്ചിരിക്കായി ഇനിയും അനേകം മുറിവുകള്‍ എന്റെ ദേഹത്തുണ്ടായാലും എനിക്ക് സന്തോഷം മാത്രം’ ജിങ്കന്‍ വികാരഭരിതനായി.