മറ്റൊരു തകര്‍പ്പന്‍ മിഡഫീല്‍ഡറെ കൂടി ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഏഴാം സീസണില്‍ 23 കാരനായ മിഡ്ഫീല്‍ഡര്‍ രോഹിത് കുമാര്‍ കേരള ബ്ലാസ്റ്റേഴ്‌സ് ജേഴ്‌സിയണിയും. ഡിഎസ്‌കെ ശിവാജിയന്‍സ് എല്‍എഫ്സി അക്കാദമിയില്‍ ചേരുന്നതിന് മുമ്പ് ബൈച്ചംഗ് ഭൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിലാണ് ദില്ലി സ്വദേശിയായ രോഹിത് കരിയര്‍ ആരംഭിച്ചത്.

2013 ല്‍ ബി.സി റോയ് ട്രോഫിയില്‍ ഡല്‍ഹിയെ നയിച്ച യുവതാരം 2015 ല്‍ ഇന്ത്യ അണ്ടര്‍ 19 ടീമില്‍ അംഗമായിരുന്നു. 2016 ല്‍ ഡ്യുറാന്‍ഡ് കപ്പിനുള്ള സീനിയര്‍ ടീമിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു. വലത്-കാല്‍ കളിക്കാരനായ രോഹിത് ആ സീസണില്‍ ഐ-ലീഗില്‍ നടത്തിയ സുസ്ഥിര പ്രകടനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അരങ്ങേറ്റം കുറിച്ചുകൊണ്ട് എഫ്സി പൂനെ സിറ്റിയിലെത്താന്‍ സഹായിച്ചു.

പുണെ സിറ്റിക്കായി രണ്ട് സീസണുകളില്‍ നിന്ന് രണ്ട് ഗോളുകള്‍ കരസ്ഥമാക്കിയ അദ്ദേഹം ഐഎസ്എല്ലിന്റെ ആറാം സീസണില്‍ ഹൈദരാബാദ് എഫ്സിയിലേക്ക് ചേക്കേറി. പുതിയ ക്ലബ്ബിനായി ഒന്‍പത് മത്സരങ്ങളില്‍ സെന്‍ട്രല്‍ മിഡ്ഫീല്‍ഡര്‍ നിരയില്‍ കളിച്ച രോഹിത് ഒരു ഗോള്‍ നേടുകയും ചെയ്തു. മിഡ്ഫീല്‍ഡര്‍ എന്ന നിലയില്‍ രോഹിത് പുലര്‍ത്തുന്ന വിശ്വാസ്യതയും, സ്ഥിരതയുമാണ് കെബിഎഫ്സിയിലേക്കുള്ള അദ്ദേഹത്തിന്റെ വരവിന് അടിസ്ഥാനം.

”ഞാന്‍ എല്ലായ്‌പ്പോഴും കളിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ക്ലബ്ബെന്ന നിലയില്‍ കേരള ബ്ലാസ്റ്റേഴ്‌സില്‍ ചേരുന്നത് എന്നെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള തീരുമാനമായിരുന്നു. ക്ലബ്ബിന്റെ കാഴ്ചപ്പാടിന് സംഭാവന നല്‍കുന്നതിന് എന്റെ പരിശീലകര്‍, ടീം അംഗങ്ങള്‍, മാനേജുമെന്റ്, പ്രത്യേകിച്ചും ആരാധകര്‍ എന്നിവരുടെ സഹായത്തോടെ ഓരോ ദിവസവും ഒരു കളിക്കാരനെന്ന നിലയില്‍ എന്നെത്തന്നെ മെച്ചപ്പെടുത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. എന്റെ പുതിയ സ്‌ക്വാഡിന്റെ പിന്തുണയോടെ,സമീപഭാവിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിനായി ട്രോഫികള്‍ ഉയര്‍ത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കാരണം ഈ ക്ലബ് അതിന് അര്‍ഹമാണ്. ‘ രോഹിത് കുമാര്‍ പറയുന്നു.

‘രോഹിത്തിനെ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഞങ്ങളുടെ മിഡ് ഫീല്‍ഡിന് മറ്റൊരു ഗുണമേന്മയാണ് അദ്ദേഹം. ടീമിനായി തന്റെ കഴിവുകളെല്ലാം തന്നെ അദ്ദേഹം പുറത്തെടുക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.ഏറ്റവും മികച്ച രീതിയില്‍ അദ്ദേഹത്തെ പിന്തുണയ്ക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. ‘ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് അഭിപ്രായപ്പെട്ടു.

You Might Also Like