ഒരു നിമിഷം പോലും സംശയിക്കാതെയാണ് ഞാനീ ഓഫര്‍ സ്വീകരിച്ചത്, വെളിപ്പെടുത്തലുമായി ബ്ലാസ്റ്റേഴ്‌സ് കോച്ച്

കേരള ബ്ലാസ്‌റ്റേഴ്‌സ് കോച്ചാകാനുളള മാനേജുമെന്റിന്റെ ക്ഷണം സ്വീകരിക്കാന്‍ തനിയ്ക്ക് ഒരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ലെന്ന് വെളിപ്പെടുത്തലുമായി നിയുക്ത ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്. ക്ലബ് ഡയറക്ടര്‍മാരുമായുളള ആദ്യ കൂടിക്കാഴ്ച്ച മുതല്‍ ഇക്കാര്യത്തില്‍ തനിയ്‌ക്കൊരു സന്ദേഹവുമാണ്ടായില്ലെന്നും വുകോമനോവിച്ച് പറയുന്നു.

‘ക്ലബ്ബിന്റെ ഡയറക്ടര്‍മാരുമായുള്ള ആദ്യ സമ്പര്‍ക്കം മുതല്‍, തന്റെ വികാരം അനുകൂലമായിരുന്നുവെന്ന് നിയമനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. പ്രൊഫഷണല്‍ സമീപനത്തോടെയുള്ളതാണ് അവരുടെ കാഴ്ചപ്പാടുകള്‍, അതെന്നെ ആകര്‍ഷിച്ചു . ഈ വലിയ ആരാധക വൃന്ദവും , കെബിഎഫ്‌സി യ്ക്കു ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയും കണ്ട ശേഷം കെബിഎഫ്‌സി കുടുംബത്തില്‍ അംഗമാകാന്‍ ഒരു നിമിഷം പോലും എനിക്ക് സംശയിക്കേണ്ടി വന്നില്ല’ വുകോമനോവിച്ച് പറഞ്ഞു

ഈ മനോഹരമായ ക്ലബിനെ സ്‌നേഹിക്കുന്ന എല്ലാവരെയും സന്തോഷത്തിലും അഭിമാനത്തിലുമാക്കാന്‍, നമ്മള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും ഇവാന്‍ വുകോമനോവിച്ച് കൂട്ടിചേര്‍ത്തു.

ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ പരിശീലക വേഷമണിഞ്ഞാണ് ഇവാന്‍ ബ്ലാസ്റ്റേഴ്‌സ് കോച്ചായി എത്തുന്നത്. ഇതുവരെ ഒന്‍പത് പരിശീലകരെ പരീക്ഷിച്ച ബ്ലാസ്റ്റേഴ്‌സിന്റെ മാനേജരാവുന്ന ആദ്യത്തെ സെര്‍ബിയന്‍ കൂടിയാണ് ഇവന്‍.

2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ കോച്ചിങ് കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഈ കാലയളവില്‍, ബെല്‍ജിയയുടെ അന്താരാഷ്ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറന്റ് സിമോണ്‍ എന്നിവരെ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു.

പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗ് ടീമായ എസ്‌കെ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ചു. ടീമിന് സ്ലൊവാക്യ ദേശീയ കപ്പും നേടിക്കൊടുത്തു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോണ്‍ ലിമാസ്സോളിന്റെ ചുമതലയായിരുന്നു ഏറ്റവുമൊടുവില്‍ വഹിച്ചത്.

കോച്ചിങ് കരിയറിന് മുമ്പ്, നീണ്ട 15 വര്‍ഷം പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായിരുന്നു ഇവാന്‍ വുകോമനോവിച്ച്. പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ എഫ്‌സി ബാര്‍ഡോ, ജര്‍മന്‍ ക്ലബ്ബായ എഫ്‌സി കൊളോണ്‍, ബെല്‍ജിയന്‍ ക്ലബ്ബ് റോയല്‍ ആന്റ്വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്‌കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിച്ചു.

 

You Might Also Like