കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തുടരുമെന്ന് സൂചന നല്‍കി മുതിര്‍ന്ന താരം

Image 3
FootballISL

അടുത്ത സീസണിലും കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തന്നെ തുടരാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ബ്ലാസ്‌റ്റേഴ്‌സിന്റെ മുതിര്‍ന്ന മലയാളി താരം.മുഹമ്മദ് റാഫ്. ബ്ലാസ്റ്റേഴ്‌സ് നല്‍കുന്ന ഓഫര്‍ കണ്ടതിന് ശേഷമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയെന്നും റാഫി കൂട്ടിചേര്‍ത്തു.

‘കേരളാ ബ്ലാസ്റ്റേഴ്‌സില്‍ കളിച്ച് ഇവിടെത്തന്നെ വിരമിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഓഫര്‍ കണ്ടതിന് ശേഷം ഞാന്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കും. ക്ലബ്ബില്‍ ജോലി ചെയ്യാനും കേരളത്തിലെ ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താനും ഞാന്‍ ആഗ്രഹിക്കുന്നു. നമുക്ക് നോക്കാം’ 38കാരനായി റാഫി പറയുന്നു.

ഇന്ത്യന്‍ ഫുട്‌ബോള്‍ മെച്ചപ്പെടണമെങ്കില്‍ ഇവിടെ കളിക്കുന്ന വിദേശ താരങ്ങളുടെ എണ്ണം കുറക്കേണ്ടതുണ്ടെന്ന് റാഫി പറയുന്നു. ഇങ്ങനെ സംഭവിച്ചാല്‍ മാത്രമേ ഇന്ത്യന്‍ താരങ്ങള്‍ക്ക് തങ്ങളുടെ പ്രകടനം പുറത്തെടുക്കാനുള്ള അവസരം ലഭിക്കുവെന്നും അദ്ദേഹം പറഞ്ഞു.

വിദേശ താരങ്ങള്‍ മികച്ച രീതിയില്‍ കളിച്ചില്ലെങ്കില്‍ അത് ഇന്ത്യന്‍ താരങ്ങള്‍ക്ക് അമിത സമ്മര്‍ദ്ദം നല്‍കുമെന്നും, എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ നേരിടുന്നത് പോലുള്ള വിമര്‍ശനങ്ങള്‍ വിദേശ താരങ്ങള്‍ക്ക് നേരിടേണ്ടി വരുന്നില്ലെന്നും മലയാളി താരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് തവണ കിരീടം നേടിയ ടീമുകളിലുണ്ടായിരുന്ന താരമാണ് റാഫി. ആദ്യ സീസണില്‍ എടികെക്കൊപ്പവും, പിന്നീട് ചെന്നൈയന്‍ എഫ് സിക്കൊപ്പവുമായിരുന്നു ഇത്. കേരളാ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 3 സീസണുകളില്‍ കളിച്ച താരം 2016ല്‍ അവര്‍ ഐ എസ് എല്‍ ഫൈനലിലെത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്നു.

ലീഗില്‍ ഇതേ വരെ കിരീടം നേടാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിക്കാത്തത് എന്ത് കൊണ്ടാണെന്ന് ചോദിച്ചപ്പോള്‍ ഇവിടെ യുവതാരങ്ങളെ ചുറ്റിപ്പറ്റി അമിത പ്രതീക്ഷകള്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും അത് താരങ്ങള്‍ക്ക് അമിത സമ്മര്‍ദ്ദം നല്‍കുന്നുണ്ടെന്നും റാഫി ചൂണ്ടിക്കാട്ടി.