ജയിക്കാനും അറിയാം, കൂറ്റന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്

Image 3
FootballISL

ഐഎസ്എലിന് മുന്നോടിയായുള്ള അവസാന സന്നാഹ മത്സരത്തില്‍ തകര്‍പ്പന്‍ ജയവുമായി കേരള ബ്ലാസ്റ്റേഴ്സ്. കേരള പ്രീമിയര്‍ ലീഗ് ക്ലബ്ബായ എംഎ കോളേജ് ഫുട്ബോള്‍ അക്കാദമിയെ മൂന്ന് ഗോളിന് വീഴ്ത്തി. വിദേശ താരങ്ങളായ ജോര്‍ജ് പെരേര ഡയസ്, മാര്‍കോ ലേസ്‌കോവിച്ച്, അല്‍വാരോ വാസ്‌ക്വസ് എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകള്‍ നേടിയത്. എറണാകുളം പനമ്പിള്ളി നഗര്‍ ഗ്രൗണ്ടിലായിരുന്നു മത്സരം. ഐഎസ്എലിന് മുന്നോടിയായുള്ള മഞ്ഞപ്പടയുടെ രണ്ടാം സന്നാഹമത്സരമായിരുന്നു ഇത്. രണ്ടിലും തകര്‍പ്പന്‍ ജയം നേടി തികഞ്ഞ ആത്മവിശ്വാസവുമായാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണിനായി ഗോവയിലേക്ക് പോകാനൊരുങ്ങുന്നത്.

ഇന്ത്യന്‍ നേവിക്കെതിരായ മത്സരത്തിനിറങ്ങിയ ആദ്യ പതിനൊന്നില്‍നിന്നും മാറ്റങ്ങള്‍ വരുത്തിയാണ് പരിശീലകന്‍ ഇവാന്‍ വുകാമനോവിച്ച് ബ്ലാസ്റ്റേഴ്സിനെ അണിയിച്ചത്. ഗോള്‍കീപ്പറായി സച്ചിന്‍ സുരേഷ് എത്തി. ഇന്ത്യന്‍ യുവനിരയ്ക്കായിരുന്നു പ്രതിരോധത്തിന്റെ ചുമതല. മലയാളിതാരം വി ബിജോയ്, ഹൊര്‍മിപാം, ഹര്‍മന്‍ജോത് ഖബ്രയും നിന്നു. വിങ്ങുകളില്‍ വിന്‍സി ബരെറ്റൊയും ധെനചന്ദ്ര മെയ്ട്ടിയും. ഗിവ്സണ്‍ സിങിന് മധ്യനിരയിലും പ്രതിരോധത്തിലും ചുമതല നല്‍കി. സെയ്ത്യാസെന്‍ സിങും ക്യാപ്റ്റനായെത്തിയ കെ.പി രാഹുലും കളി മെനഞ്ഞു. ലാറ്റിനമേരിക്കന്‍ കരുത്തായിരുന്നു മുന്‍നിരയില്‍. ഉറുഗ്വേക്കാരന്‍ ആഡ്രിയാന്‍ ലൂണയും അര്‍ജന്റീനക്കാരന്‍ ജോര്‍ജ് പെരേര ഡയസും ഗോളടിക്കാന്‍ നിന്നു.

തുടക്കം മുതല്‍ക്കേ ബ്ലാസ്റ്റേഴ്സ് ആക്രമണം തുടങ്ങി. ഒന്നാം മിനിറ്റില്‍ രാഹുലിന്റെ ക്രോസ് എംഎ കോളേജ് ഫുട്ബോള്‍ അക്കാദമിയുടെ ഗോള്‍മുഖത്ത് അപകടം സൃഷ്ടിച്ചു. പിന്നീടുള്ള തുടര്‍ച്ചയായ മുന്നേറ്റം ഫലം കണ്ടു. 15ാം മിനിറ്റില്‍ ലൂണയുടെ കോര്‍ണറില്‍ തലവച്ച് പെരേര ഡയസ് ആദ്യ ഗോള്‍ നേടി. ഗോളടിച്ചിട്ടും ബ്ലാസ്റ്റേഴ്സ് അക്രമണം അവസാനിപ്പിച്ചില്ല. എതിരാളികള്‍ കൂട്ടായി പ്രതിരോധം തീര്‍ത്തു. ഇതിനിടെ പരിക്കേറ്റ സെയ്ത്യാസെന്ന് പകരം ശ്രീക്കുട്ടന്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. ലീഡുയര്‍ത്താന്‍ ഒട്ടേറേ അവസരങ്ങളുണ്ടായി മഞ്ഞപടയ്ക്ക്. 36ാം മിനിറ്റില്‍ രാഹുലിന്റെ ഉറച്ച ഷോട്ട് എംഎ കോളേജ് ഗോള്‍കീപ്പര്‍ കെവിന്‍ കോശി രക്ഷപ്പെടുത്തി. അഞ്ച് മിനിറ്റിന് പിന്നാലെ പെരേര ഡയസിനെയും എംഎ ഗോളി തടഞ്ഞു. ഇതിനിടയില്‍ എംഎ കോളേജിന്റെ നീക്കം ബ്ലാസ്റ്റേഴ്സ് ഗോളി സച്ചിന്‍ കൈയിലൊതുക്കി.

രണ്ടാംപകുതിയില്‍ വലിയ മറ്റങ്ങള്‍ വരുത്തി വുകാമനോവിച്ച്. എട്ട് താരങ്ങളെ പിന്‍വലിച്ചു. മാര്‍കോ ലെസ്‌കോവിച്ച്, ചെഞ്ചൊ, കെ.പ്രശാന്ത്, അല്‍വാരോ വാസ്‌ക്വസ്, ആയുഷ് അധികാരി, അബ്ദുള്‍ ഹക്കു, സന്ദീപ് സിങ് എന്നിവര്‍ ബ്ലാസ്റ്റേഴ്സിനായി കളത്തിലെത്തി. മെയ്ട്ടിക്ക് പകരം സഞ്ജീവ് സ്റ്റാലിനുമെത്തി. വാസ്‌ക്വസിന്റെ വരവ് ബ്ലാസ്റ്റേഴ്സ് മുന്നേറ്റത്തെ കൂടുതല്‍ ഉണര്‍ത്തി. 53ാം മിനിറ്റില്‍ സ്പാനിഷുകാരന്‍ ഹെഡ്ഡറിലൂടെ എംഎ കോളേജ് ഗോളിയെ പരീക്ഷിച്ചു. 61ാം മിനിറ്റില്‍ ഹക്കുവിന്റെ അപകടകരമായ ഹെഡ്ഡര്‍ വലയ്ക്ക് മുകളിലൂടെ പറന്നു.

70ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ഒരിക്കല്‍ക്കൂടി എംഎ കോളേജ് ഗോള്‍വല കീഴടക്കി. ഇത്തവണയും കോര്‍ണറിലൂടെയുള്ള ഹെഡ്ഡറായിരുന്നു. ആയുഷ് തൊടുത്ത കോര്‍ണര്‍ ക്രൊയഷ്യന്‍ വന്‍മതില്‍ ലെസ്‌കോവിച്ച് ഗോളാക്കി. നാല് മിനിറ്റിന് പിന്നാലെ ലീഡുയര്‍ത്തി മഞ്ഞപ്പട. ഇത്തവണയും ആയുഷിന്റെ നീക്കമായിരുന്നു. ഇടതുവശത്തുനിന്ന് അധികാരി നീട്ടിയ പന്ത് ചെഞ്ചൊ ബോക്സിലേക്ക് നല്‍കി. കൃത്യമായ സ്ഥാനത്തുണ്ടായിരുന്ന വാസ്‌ക്വസിന് ഉന്നംതെറ്റിയില്ല. തുടര്‍ച്ചയായ രണ്ടാംമത്സരത്തിലും സ്പാനിഷുകാരന്‍ ബ്ലാസ്റ്റേഴ്സിനായി ഗോളടിച്ചു. 84ാം മിനിറ്റില്‍ പ്രശാന്തിന്റെ ഉഗ്രന്‍ ഷോട്ട് എംഎ ഗോളി രക്ഷപ്പെടുത്തി. ഒരുഗോള്‍ മടക്കാന്‍ എംഎ കോളേജ് അക്കാദമി നടത്തിയ ശ്രമങ്ങളെല്ലാം ബ്ലാസ്റ്റേഴ്സ് പ്രതിരോധം തകര്‍ത്തു.

ഐഎസ്എലില്‍ നവംബര്‍ 19ന് ഉദ്ഘാടന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കളി.