കരുത്തരുമായി കൊമ്പ് കോര്‍ക്കാന്‍ ബ്ലാസ്‌റ്റേഴ്‌സ്, വിദേശ താരങ്ങളുമിറങ്ങും

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പ്രീസീസണ്‍ പോരാട്ടത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് വീണ്ടും ഇറങ്ങും. ഐഎസ്എല്ലിലെ നവാഗതും കൊല്‍ക്കത്തയിലെ കരുത്തരുമായ ഈസ്റ്റ് ബംഗാളിനെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് നേരിടുക. ഐഎസ്എല്‍ ഒരുക്കള്‍ ഏറെ വൈകി തുടങ്ങിയ ഈസ്റ്റ് ബംഗാളിന് ഇന്നത്തെ മത്സരം ഏറെ നിര്‍ണ്ണായകമാണ്.

അതെസമയം കേരള ബ്ലാസ്റ്റേഴ്‌സ് നിരയില്‍ വിദേശ താരങ്ങള്‍ ഈ സീസണില്‍ ഇതാദ്യമായി കളത്തിലിറങ്ങും എന്നതാണ് ഏറ്റവും സവിശേഷമായ കാര്യം. നേരത്തെ നടന്ന പ്രീസീസണ്‍ പോരാട്ടങ്ങളില്‍ മുംബൈ സിറ്റിക്കെതിരെയും ഹൈദരബാദ് എഫ് സിക്കെതിരേയും കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യന്‍ താരങ്ങളെ മാത്രമാണ് കളത്തില്‍ ഇറക്കിയിരുന്നത്.

ഈസ്റ്റ് ബംഗാളിനോടുള്ള മത്സരം കഴിഞ്ഞാല്‍ പിന്നെ നവംബര്‍ 14ന് ജംഷഡ്പൂരിനെതിരെ ആണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം. ഇത് അവസാന സന്നാഹ മത്സരമായിരിക്കും. അതു കഴിഞ്ഞ് നവംബര്‍ 20ന് ആദ്യ ഐ എസ് എല്‍ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എ ടി കെ മോഹന്‍ ബഗാനെയും നേരിടും.

ആദ്യ രണ്ട് സന്നാഹ മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സ് തോല്‍വി അറിഞ്ഞിരുന്നില്ല. ആദ്യ മത്സരത്തില്‍ കരുത്തരായ ഹൈദരാബാദിനെ എതിരില്ലാത്ത രണ്ട് ഗോളിനാണ് ബ്ലാസ്‌റ്റേഴ്‌സ് തോല്‍പിച്ചത്. മലയാളി താരം കെപി രാഹുലാണ് രണ്ട് ഗോളും നേടിയത്. രണ്ടാം മത്സരത്തില്‍ വിദേശ താരങ്ങളുമായി ഇറങ്ങിയ മുംബൈ സിറ്റിയെ ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍ രഹിത സമനിലയില്‍ കുരുക്കിയിരുന്നു.

You Might Also Like