തകര്‍പ്പന്‍ നീക്കം, ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി ബ്ലാസ്റ്റേഴ്‌സ്

കേരളത്തില്‍ നിന്നുളള ഏക ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി ”കെബിഎഫ്സി യങ് അംബാസഡര്‍ പ്രോഗ്രാം” ആരംഭിക്കുന്നു . യുവ പ്രതിഭകളെ വളര്‍ത്തിയെടുക്കുകയും ഭാവി വാഗ്ദാനങ്ങള്‍ ആയി അവരെ രൂപപ്പെടുത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

കായിക രംഗത്തോട് ഉള്ള ഇഷ്ടത്തിലൂടെയും ക്ലബിനോടുള്ള അഭിനിവേശത്തിലൂടെയും ശക്തമായ കൂട്ടായ്മകള്‍ സൃഷ്ടിക്കുകയും കെട്ടിപ്പടുക്കുകയും ചെയ്യുക എന്നുള്ളതും പദ്ധതിയുടെ ലക്ഷ്യമാണ്. ക്ലബ് അംഗീകരിക്കുന്ന യുവാക്കളുടെ ഒരു ശൃംഖല വികസിപ്പിക്കാനും കെബിഎഫ്‌സി യംഗ് അംബാസഡര്‍ പ്രോഗ്രാം ഉദ്ദേശിക്കുന്നു.

കൂടാതെ കായിക വിനോദങ്ങള്‍ ആഘോഷിക്കാന്‍ മാത്രമല്ല, കുടുംബങ്ങളെയും സുഹൃത്തുക്കളെയും ഉള്‍ക്കൊള്ളുന്ന സമൂഹത്തെ ഒരുമിച്ച് കൊണ്ടുവരുന്ന കേന്ദ്രബിന്ദു ആയി ഇവര്‍ പ്രവര്‍ത്തിക്കും . സമൂഹത്തില്‍ ഒരു മാറ്റം വരുത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ ക്ലബ് .

സംരംഭത്തിന്റെ ഭാഗമായി, ക്ലബിന്റെ യംഗ് ബ്ലാസ്റ്റേഴ്‌സ് കേന്ദ്രങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് ക്ലബ്ബിന്റെ മുഖവും ശബ്ദവും ആയി മാറുന്ന രീതിയില്‍ നൈപുണ്യ സാങ്കേതികവിദ്യാ പരിശീലനത്തിലൂടെ മാര്‍ഗനിര്‍ദേശം നല്‍കും. മുന്‍കൂട്ടി നിശ്ചയിച്ച മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി കെബിഎഫ്സി കോച്ചുകള്‍ തിരഞ്ഞെടുക്കും. അതുല്‍ പി. ബിനു, ഫ്രാന്‍സിയോ ജോസഫ്, ജോവിയല്‍ പി. ജോസ്, സിദ്ധാര്‍ത്ഥ് സി ബസു എന്നിവരാണ് ക്ലബ്ബിന്റെ ആദ്യ 4 യുവ അംബാസഡര്‍മാര്‍. ഇവര്‍ക്കായി ക്ലബ്ബ് ഒരു ഓണ്‍ലൈന്‍ ഓറിയന്റേഷന്‍ സെഷന്‍ നടത്തിയിരുന്നു.

ക്ലബിന്റെ എല്ലാ പരിപാടികളിലും മുതിര്‍ന്ന അംബാസഡര്‍മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ യുവാക്കള്‍ക്ക് പ്രോഗ്രാം അവസരമൊരുക്കുന്നു. ക്ലബ്ബിന്റെ മൂല്യങ്ങള്‍, വിശ്വാസങ്ങള്‍, ചരിത്രം, സംസ്‌കാരം, ലക്ഷ്യങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ഇവര്‍ക്കായി ക്രമീകരിച്ചിരിക്കുന്ന വിവിധ സെഷനുകളിലൂടെ നൈപുണ്യങ്ങള്‍ നേടാനും അവസരം ഉണ്ട് . യംഗ് അംബാസഡര്‍ പരിപാടി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി പൂര്‍ണ്ണമായും സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യും.

”യുവാക്കളുടെ ശബ്ദത്തിലും ശക്തിയിലും വിശ്വസിക്കുന്ന ഒരു സംരംഭം എന്ന നിലയ്ക്ക് യങ് അംബാസഡര്‍ പ്രോഗ്രാം സ്‌പോര്‍ട്‌സിലൂടെ വിദ്യാഭ്യാസവും ശാക്തീകരണവും ലക്ഷ്യമിടുന്നു. ഇതിലൂടെ പ്രാദേശിക സ്‌കൂളുകളെയും കൂട്ടായ്മയെയും കണ്ടെത്തി അവരുമായി കൂടുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് അവസരമൊരുക്കുന്നു. ക്ലബ്ബിന്റെ അംബാസഡര്‍മാര്‍ എന്ന നിലയ്ക്ക് ഈ കുട്ടികള്‍ ക്ലബ്ബിന്റെ യഥാര്‍ത്ഥ മനോഭാവം ഉള്‍ക്കൊള്ളേണ്ടതും സമൂഹത്തില്‍ ഇത് ചെലുത്തുന്ന സ്വാധീനം കണക്കാക്കേണ്ടതുമാണ് ‘. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

You Might Also Like