പൊടിക്കേണ്ടത് 25 കോടി രൂപ, ആ തീരുമാനം ബ്ലാസ്റ്റേഴ്‌സ് എടുക്കുമോ

കേരള ബ്ലാസ്റ്റേഴ്‌സിന് കോഴിക്കോട്ട് എത്തുന്നതുമായി ബന്ധപ്പെട്ട് ഇഎംഎസ് സ്റ്റേഡിയത്തിന്റെ നവീകരണത്തിന് മാത്രം ചെലവഴിക്കേണ്ടത് കോടികള്‍. 25 കോടി രൂപയുടെയെങ്കിലും ഇഎംഎസ് സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കേണ്ടി വരുമെന്നാണ് കണക്കാക്കുന്നര്‍.

നവീകരണച്ചെലവ് ബ്ലാസ്റ്റേഴ്‌സും കോര്‍പറേഷനും പങ്കിട്ടെടുക്കുമെന്നാണ് സൂചന. ഐഎസ്എല്‍ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് സ്റ്റേഡിയത്തിനുള്ളിലെ സൗകര്യങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് മെച്ചപ്പെടുത്തും. പുറത്തു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ കോര്‍പറേഷനും ഒരുക്കും. സ്റ്റേഡിയത്തിലെ വെളിച്ച സംവിധാനം, കസേരകള്‍, പാര്‍ക്കിങ് സൗകര്യം തുടങ്ങിയവ ഒരുക്കാനുള്ള നടപടികള്‍ കോര്‍പറേഷന്‍ ആരംഭിച്ചുകഴിഞ്ഞു. സ്റ്റേഡിയത്തോടു ചേര്‍ന്ന് മള്‍ട്ടിലെവല്‍ പാര്‍ക്കിങ് കോംപ്ലക്‌സിനുള്ള നടപടികള്‍ നേരത്തേ തന്നെ കോര്‍പറേഷന്‍ ആരംഭിച്ചിരുന്നു.

കോവിഡ് ഭീഷണി ഭാവിയിലും തുടര്‍ന്നേക്കാം എന്ന കണക്കുകൂട്ടലില്‍ സാമൂഹിക അകലം പാലിക്കാവുന്ന തരത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങളാണ് സ്റ്റേഡിയത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്നത്.

2021-22 സീസണില്‍ ഒരു ടീമിന് 27 മത്സരം എന്ന ചട്ടം പ്രാബല്യത്തില്‍ വന്നാല്‍ ഏതാനും ഹോം മത്സരങ്ങള്‍ കോഴിക്കോട്ട് നടത്താനുള്ള സാധ്യതകളാണ് ക്ലബ് ആരായുന്നത്. എന്നാല്‍, നിലവില്‍ ഐ ലീഗ് ക്ലബ് ഗോകുലം കേരള എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലേക്കു ബ്ലാസ്റ്റേഴ്‌സ് കൂടി എത്തുമ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാതെ കോഴിക്കോട്ടൊരു ഐഎസ്എല്‍ വേദിയെന്ന ഫുട്‌ബോള്‍ ആരാധകരുടെ സ്വപ്നം സഫലമാകില്ല.

അതിനിടെ, കോഴിക്കോട്ടുകൂടി മത്സരങ്ങള്‍ നടത്തുന്നതിന്റെ പ്രാരംഭ ചര്‍ച്ചകള്‍ മാത്രമാണ് നടന്നിട്ടുള്ളതെന്നും തങ്ങള്‍ ഇതുവരെ വ്യക്തമായ പദ്ധതി തയാറാക്കിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ വ്യക്തമാക്കി. ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികളും കോര്‍പറേഷനും തമ്മിലുള്ള അടുത്ത ചര്‍ച്ച 10ന് നടക്കും.

You Might Also Like