ബ്ലാസ്‌റ്റേഴ്‌സിന്റെ പുതിയ കോച്ച് സ്‌കൊളാരിയോ? സ്‌കിന്‍കിസ് നല്‍കുന്ന സൂചനകള്‍

ഐഎസ്എല്‍ എട്ടാം സീസണില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നയിക്കാനുളള പരിശീലകന്‍ ആരെന്നുളള തിരച്ചിലിലാണ് ക്ലബ് അധികൃതര്‍. നിരവധി പേരുകളാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിനാണ് പുതിയ പരിശീലകനെ കണ്ടെത്താനുളള ചുമതല.

ഇതില്‍ ഏറ്റവും രസകരമായ സംഗതി ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സാധ്യത പട്ടികയില്‍ 2002ല്‍ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത പരിശീലകന്‍ ലൂയി ഫിലിപ്പ് സ്‌കൊളാരിയുമുണ്ടെന്നതാണ്. സ്‌കൊളാരി ബ്ലാസ്റ്റേഴ്‌സിന്റെ കോച്ചായെത്തിയാല്‍ അത് ലോക ശ്രദ്ധയാകര്‍ശിക്കുന്ന വാര്‍ത്തയാകും.

നോര്‍ത്ത് ഈസ്റ്റിന്റെ മുന്‍ പരിശീലകന്‍ ജറാര്‍ദ് നൂസ്, റയല്‍ സോസിഡാഡ്, ജിറോണ എഫ്.സി തുടങ്ങിയ മുന്‍നിര ക്ലബുകളെ പരിശീലിപ്പിച്ച യുസേബിയോ സാക്രിസ്റ്റന്‍ തുടങ്ങി വമ്പന്മാരുടെ പേരുകളും ബ്ലാസ്‌റ്റേഴ്‌സിന്റെ കോച്ചിംഗ് സ്ഥാനത്തേക്ക് പറഞ്ഞ് കേള്‍ക്കുന്നുണ്ട്.

സ്പാനിഷ് കോച്ച് ആംഗല്‍ വിയെദേരോയുടെയാണ് ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേര്. വിയെദേരോയുടെ പേര് ഗോവ എഫ്‌സിയും പരിഗണിക്കുന്നുണ്ട്. എന്നാല്‍, ആദ്യ ഘട്ട ചര്‍ച്ചകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് വിയെദേരോയുമായി പുനര്‍ചര്‍ച്ചകള്‍ നടത്തിയിട്ടില്ല.

കഴിഞ്ഞ സീസണില്‍ വലിയ പ്രതീക്ഷയോടെയെത്തിയ സ്പാനിഷ് കോച്ച് കിബു വികൂനയ്ക്ക് കാര്യമായിട്ടൊന്നും ബ്ലാസ്‌റ്റേഴ്‌സിനായി ചെയ്യാനായില്ല. ഇതോടെ വികൂനയെ സീസണിനൊടുവില്‍ ബ്ലാസ്‌റ്റേഴ്‌സ് പുറത്താക്കുകയായിരുന്നു.

You Might Also Like