താജികിസ്ഥാന്‍ വജ്രായുധത്തെ റാഞ്ചാന്‍ ബ്ലാസ്റ്റേഴ്‌സ്, ഞെട്ടി ഫുട്‌ബോള്‍ ലോകം

Image 3
FootballISL

ഐഎസ്എല്ലിലെ പുതിയ സീസണിനായി മികച്ച തയ്യാറെടുപ്പിലാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മോഹന്‍ ബഗാന്റെ വജ്രായുധം താജിക്കിസ്ഥാന്‍ താരം കൊമറോണ്‍ ടുര്‍സുനോവിനെ പാളയത്തില്‍ കൊണ്ടുവരാനുള്ള നീക്കമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തുന്നത്. പ്രമുഖ സ്‌പോട്‌സ് വെബ്‌സൈറ്റായ സ്‌പോട്‌സ് കീഡയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബ്ലാസ്റ്റേഴ്സിന്റെ പുതിയ മാനേജര്‍ കിബു വികുനയ്ക്ക് ടുര്‍സുനോവിനെ ബ്ലാസ്‌റ്റേഴ്‌സിലെത്തിക്കാന്‍ പ്രത്യേക താത്പര്യമുണ്ട്. എന്തായാലും ബഗാന്‍ താരത്തെ ബ്ലാസ്റ്റേഴ്സിലെത്തിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ടെക്നിക്കല്‍ ഡയറക്ടറുടേതാണ്, ക്ലബുമായി ബന്ധമുള്ള അടുത്തവൃത്തം ഒരു സ്‌പോര്‍ട്‌സ് വെബ്‌സൈറ്റിനോട് പറഞ്ഞു.

പോയവര്‍ഷത്തെ ഇന്റര്‍കോണ്ടിനന്റല്‍ കപ്പിലാണ് ടുര്‍സുനോവ് ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ കളിച്ചത്. അന്ന് അഹമ്മദാബാദില്‍ ഇന്ത്യയ്ക്കെതിര താരം ഗോളടിച്ചു. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു താജിക്കിസ്ഥാന്റെ ജയവും.

ഈ മത്സരത്തിന് ശേഷമാണ് മോഹന്‍ ബഗാന്‍ 24 -കാരന്‍ ടുര്‍സുനോവിനെ ടീമിലേക്ക് ക്ഷണിച്ചത്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബഗാനുമായി കൊമറോണ്‍ ടുര്‍സുനോവ് കരാര്‍ ഒപ്പിടുകയായിരുന്നു. ഐ ലീഗില്‍ എട്ടു മത്സരങ്ങളാണ് ടുര്‍സുനോവ് കളിച്ചത്. ഇതില്‍ രണ്ടു ഗോളുകളും രണ്ടു അസിസ്റ്റുകളും താരം കാഴ്ച്ചവെച്ചു. ഇക്കഴിഞ്ഞ സീസണില്‍ വലതു വിങ്ങില്‍ ബഗാന്റെ ശക്തിദുര്‍ഗ്ഗമായിരുന്നു കൊമറോണ്‍ ടുര്‍സുനോവ്.

ഐ ലീഗില്‍ പങ്കെടുക്കുംമുന്‍പ് താജിക്കിസ്ഥാന്‍ ക്ലബുകളായ റെഗാര്‍ താഡ്സ്, എഫ്സി ഇസ്തിക്ക്ലോല്‍ എന്നിവടങ്ങളില്‍ കളിച്ച മുന്‍പരിചയമുണ്ട് താരത്തിന്. താജിക്ക് ലീഗില്‍ 88 തവണ ടുര്‍സുനോവ് കളിച്ചിട്ടുണ്ട്. 26 ഗോളുകളും നേടിയിട്ടുണ്ട്. അഞ്ച് എഎഫ്സി കപ്പ് മത്സരങ്ങളില്‍ പങ്കെടുത്ത ചരിത്രവും കൊമറോണ്‍ ടുര്‍സുനോവിന് പറയാനുണ്ട്.