ഹെന്‍ക്വിസ് ബ്ലാസ്റ്റേഴ്‌സിന് നഷ്ടപരിഹാരം നല്‍കും, മുങ്ങിയത് കരാര്‍ ഒപ്പിട്ട ശേഷം

കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് വരുമെന്ന് ഉറപ്പിച്ച കൊളംമ്പിയന്‍ സൂപ്പര്‍ താരം ഒസ്വാള്‍ഡോ ഹെന്‍ക്വിസ് അപ്രതീക്ഷിത പിന്‍മാറ്റത്തിന് പിന്നിലുളള കാരണം പുറത്ത്. ഇന്ത്യയിലെ കോവിഡ് മഹാമാരി പേടിച്ചാണത്രെ ഹെന്‍ക്വസ് ബ്ലാസ്‌റ്റേഴ്‌സുമായുളള കരാര്‍ ഉപേക്ഷിച്ചത്. നിലവില്‍ ഇസ്രായേലി സെക്കന്‍ഡ് ഡിവിഷന്‍ ക്ലബ് ബെനേയ് സ്‌കാനിറ്റിലേക്കാണ് ഒസ്വാള്‍ഡോ കൂറുമാറിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ട ശേഷമാണ് ഒസ്വാള്‍ഡോയുടെ അപ്രതീക്ഷിത പിന്മാറ്റം. കേരള ബ്ലാസ്റ്റേഴ്‌സിനെ സംബന്ധിച്ച് ഏറെ തിരിച്ചടിയായി മാറി ഒസ്വാള്‍ഡോയുടെ പിന്മാറ്റം. ഒസ്വാള്‍ഡോയ്‌ക്കൊത്ത പകരക്കാരനെ എത്രയും പെട്ടെന്ന് കണ്ടെത്തണം എന്ന വെല്ലുവിളിയാണ് ബ്ലാസ്റ്റേഴ്‌സിനും സ്‌പോട്ടിംഗ് ഡയറക്ടര്‍ കരോളിസ് സ്‌കിന്‍കിസിനും ഉളളത്.

ഇന്ത്യയില്‍ കോവിഡ് മഹാമാരി പടര്‍ന്ന് പിടിയ്ക്കുന്നത് ഏറെ ആശങ്കയോടെയാണത്രെ താരം കണ്ടത്. ഇതോടെയാണ് ബ്ലാസ്‌റ്റേഴ്‌സുമായുളള കരാര്‍ റദ്ദാക്കാന്‍ കൊളംമ്പിയന്‍ താരം തീരുമാനിച്ചത്. മാത്രമല്ല കരാര്‍ ലംഘനത്തിന് ബ്ലാസ്‌റ്റേഴ്‌സിന് നഷ്ടപരിഹാസരവും ഹെന്‍ക്വിസ് നല്‍കും.

ഏറ്റവും രസകരമായ കാര്യം ഹെന്‍ക്വിസ് ഇസ്രായേല്‍ ക്ലബുമായി കരാര്‍ ഒപ്പിടുന്നത് വരെ കിബു വികൂന നടത്തുന്ന ഓണ്‍ലൈന്‍ ക്ലാസുകളില്‍ വരെ പങ്കെടുത്തിരുന്നത്രെ.

കൊളംമ്പിയയിലെ പ്രധാന ക്ലബായ മില്ലേനറീസ് അക്കാദമിയിലൂടെ വര്‍ന്നു വന്ന താരം മില്ലേനറിസ് സീനിയര്‍ ടീമില്‍ ഒന്‍പത് വര്‍ഷത്തോളം ബൂട്ടുകെട്ടി. 126 മത്സരങ്ങളാണ് മില്ലേനറീസില്‍ ഹെന്റിക്വസ് കളിച്ചത്. അഞ്ച് ഗോളും നേടിയിരുന്നു. അവിടെ നിന്നാണ് താരം തട്ടകം ബ്രസീലിലേക്ക് മാറ്റുന്നത്.

ബ്രസീല്‍ ഫസ്റ്റ് ഡിവിഷന്‍ ക്ലബായ സ്പോര്‍ട്ട് റിസിഫില്‍ 26 മത്സരവും പ്രശസ്ത ബ്രസീല്‍ ക്ലബ് വാസ്‌കോഡ ഗാമയില്‍ 37 മത്സരവും ഈ താരം കളിച്ചു. ഓരോ ഗോള്‍ വീതവും രണ്ട് ക്ലബിലും താരം നേടിയിട്ടുണ്ട്.

You Might Also Like