കോസ്റ്ററീക്കന്‍ താരത്തിന്റെ ബ്ലാസ്‌റ്റേഴ്‌സ് പ്രവേശനം, വികൂനയുടെ പ്രവചനം അറംപറ്റുമോ?

Image 3
FootballISL

പോളിഷ് ലീഗിലെ പ്രധാന ക്ലബായ റോള്‍കോ ചെസ്തോചോവയിലെ മുന്നേറ്റ നിര താരം ബ്ലാസ്റ്റേഴ്‌സിലെത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ വലിയ പ്രതീക്ഷയാണ് മഞ്ഞപ്പടയുടെ ആരാധകര്‍ക്ക് നല്‍കിയിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ കിബു വികൂനയും സഹപരിശീലകന്‍ ടോമസും ഒട്ടുമിക്ക അഭിമുഖങ്ങളിലും ബ്ലാസ്‌റ്റേഴ്‌സില്‍ എത്തുമെന്ന് സൂചിപ്പിക്കുന്ന പോളിഷ് ലീഗില്‍ കളിക്കുന്ന താരം ഫെലീസിയോ ബ്രൗണ്‍ ആണോ എന്ന ചര്‍ച്ചയിലാണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരുടെ വിവിധ ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍.

ബ്രൗണ്‍ ബ്ലാസ്റ്റേഴ്‌സിലെത്താന്‍ തന്നെയാണ് സാധ്യതയെന്നാണ് ഭൂരിഭാഗം ആരാധകരും വിശ്വസിക്കുന്നത്. സാദാരണയുളള ഒരു റൂമര്‍ പോലെ ഇതിനെ തള്ളികളയാനാകില്ലെന്ന് ആരാധകര്‍ വിലയിരുത്തുന്നു.

സോഷ്യല്‍ മീഡിയയില്‍ വലിയ സാന്നിധ്യമായ പോളിണ്ടിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ലൂക്കാസ് ഓള്‍കോവിച്ചാണ് ബ്രൗണിന്റെ കാര്യം വെളിപ്പെടുത്തിയത് എന്നതാണ് ഈ റൂമറിന് ഇത്ര ആധികരാരികത ലഭിക്കാന്‍ കാരണം. ജര്‍മ്മനിയില്‍ ജനിച്ച് വളര്‍ന്ന ബ്രൗണ്‍ കോസറ്റോറിക്ക ദേശീയ ടീമില്‍ കളിച്ചിട്ടുണ്ട്.

28 വയസ് മാത്രമുളള ബ്രൗണ്‍ പോളിഷ് ലീഗിലെ കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച താരമാണ്. റോള്‍കോ ചെസ്തോചോവയ്ക്കായി 21 മത്സരങ്ങള്‍ ബൂട്ടുകെട്ടിയ താരം ഒന്‍പത് ഗോളും നേടിയിരുന്നു. ഇരുവിംഗിലും കളിക്കാന്‍ കെല്‍പുളള മുന്നേറ്റ നിര താരമാണ് ബ്രൗണ്‍.

ജര്‍മ്മനി പോലൊരു ലോകോത്തര നിലവാരമുളള ഫുട്‌ബോള്‍ ടീമിന്റെ അണ്ടര്‍ 20, 19 ടീമുകളില്‍ ബ്രൗണ്‍ കളിച്ചിട്ടുണ്ട്. യൂറോപ്പിലെ നിരവധി ക്ലബുകളില്‍ ബൂട്ടുകെട്ടി കഴിവ് തെളിച്ച താരം കൂടിയാണ് ഫലീസിയോ ബ്രൗണ്‍.