ചതിച്ചവര്‍ വാണ ചരിത്രമില്ല ഛേത്രി, എടികെയെ അഭിനന്ദിച്ച് ബ്ലാസ്റ്റേഴ്‌സ്

ഐഎസ്എല്ലില്‍ ബംഗളൂരു എഫ് സിയെ തോല്‍പ്പിച്ച് കിരീടം ചൂടിയ എടികെ മോഹന്‍ ബഗാനെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് തങ്ങളുടെ ബദ്ധവൈരികളെ അഭിനന്ദനം അറിയിച്ചത്.

നേരത്തെ പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിനെ വിവാദ ഫ്രീകിക്ക് ഗോളില്‍ തോല്‍പിച്ചാണ് ബംഗളുരു എഫ് സി സെമിയില്‍ കടന്നത്. ഈ പശ്ചാത്തലത്തിലാണ് ബംഗളൂരുവിനെ തോല്‍പിച്ച എടികെ ബഗാനെ കേരള ബ്ലാസ്റ്റേഴ്‌സ് പ്രത്യേകം അഭിനന്ദിച്ചതെന്നത് ശ്രദ്ധേയമായി.

അഭിനന്ദനങ്ങള്‍ എടികി മോഹന്‍ ബഗാന്‍ കിരീടം നേടിയതിന് എന്ന ഒറ്റവരിയിലാണ് ബ്ലാസ്റ്റേഴ്‌സ് അഭിനന്ദന സന്ദേശം എഴുതിയിരിക്കുന്നത് എങ്കിലും വരികള്‍ക്കിടയില്‍ ആരാധകര്‍ അതിന് ഒട്ടേറെ അര്‍ത്ഥങ്ങല്‍ നല്‍കുന്നുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ അഭിനന്ദന സന്ദേശത്തിന് താഴെയും ആരാധകര്‍ ബംഗളൂരുവിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ബംഗളൂരു ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയ്‌ക്കെതിരെ ഈ പോസ്റ്റിന് താഴെ നിരവധി ആരാധകര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. ചതിച്ചവര്‍ വാണ ചരിത്രമില്ലെന്നും വീണ ചരിത്രമേയുളളുവെന്നും ആരാധകര്‍ ഛേത്രിയെ ഓര്‍മ്മിപ്പിക്കുന്നു. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്നും കര്‍മഫലമാണിതെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.

ഐ എസ് എല്‍ പ്ലേ ഓഫില്‍ റഫറി അനുവദിച്ച വിവാദ ഗോളിലാണ് കേരള ബ്ലാസ്റ്റേഴ്‌സിനെതിരെ ബെംഗളൂരു ജയിച്ച് സെമിയിലെത്തിയത്. ബംഗളൂരു ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ നടന്ന നോക്കൗട്ട് മത്സരത്തില്‍ നിശ്ചിത സമയത്ത് ബംഗളൂരുവും ബ്ലാസ്റ്റേഴ്‌സും ഗോളടിച്ചിരുന്നില്ല. എന്നാല്‍ എക്‌സ്ട്രാടൈമിന്റെ ആറാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സ് ബോക്‌സിന് പുറത്ത് ബംഗളൂരുവിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തിടുക്കത്തില്‍ എടുക്കുകയായിരുന്നു.

കിക്ക് തടുക്കാന്‍ ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തയാറെടുക്കും മുമ്പേ ഛേത്രി വലകുലുക്കി. ഇത് ഗോളല്ല എന്ന് വാദിച്ച് റഫറി ക്രിസ്റ്റല്‍ ജോണുമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ തര്‍ക്കിച്ചെങ്കിലും അദേഹം തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇതില്‍ പ്രതിഷേധിച്ച് മത്സരം പൂര്‍ത്തിയാക്കാതെ മടങ്ങുകയായിരുന്നു പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചും സംഘവും. ഇതാദ്യമായാണ് ഐഎസ്എല്ലില്‍ ഒരു ടീം ബഹിഷ്‌കരണം നടത്തി ഇറങ്ങിപ്പോയത്

 

You Might Also Like