കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി, ചങ്കിലെ ചോരയാണ് ഇവര്‍ക്ക് ഫുട്ബോള്‍!

Image 3
FootballISL

കേരളം പണ്ട് മുതലേ ഫുട്ബോളിന് വളക്കൂറുളള മണ്ണാണ്. ഫുട്ബോള്‍ പ്രേമികളുടെ ഗൃഹാതുരമായ ഓര്‍മ്മകളായ കേരള പോലീസും എസ്ബിടിയും എഫ്സി കൊച്ചിനുമെല്ലാം തിരശ്ശീലക്ക് പിന്നിലേക്ക് അപ്രത്യക്ഷമായപ്പോള്‍ അവര്‍ ഉഴുത് പകപ്പെടുത്തിയ മണ്ണില്‍ വിത്തിട്ട് കടന്ന് വന്നവരാണ് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ്. കേരളത്തിലെ ചിതറികിടക്കുന്ന ഫുട്ബോള്‍ ആരാധകരെ ഒരൊറ്റ ക്ലബിന് കീഴില്‍ അണിനിരത്താനായി എന്നതാണ് 2014ന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് സാധിച്ച ഫുട്ബോള്‍ വിപ്ലവം.

വര്‍ഷങ്ങള്‍ക്ക് ശേഷം കേരള ഫുട്ബോളിന് ലക്ഷണമൊത്തൊരു പ്രെഫഷണല്‍ ക്ലബിനെ ലഭിച്ചു എന്നതാണ് ഐഎസ്എല്‍ കൊണ്ട് മലയാളിക്കുണ്ടായ ഏറ്റവും വലിയ നേട്ടം. കലൂരിലെ ഒഴിഞ്ഞ് കിടന്ന ഗ്യാലറികള്‍ അവിശ്വസനീയമാം വിധം നിറഞ്ഞ് തുളുമ്പി പതിനായിരങ്ങള്‍ ഒരു ടീമിന് വേണ്ടി ആര്‍ത്ത് വിളിക്കുന്നത് മലയാളി വീണ്ടും കണ്ടു. പിന്‍തുട ഞരമ്പില്‍ നഷ്ടപ്പെട്ട ഫുട്ബോള്‍ ആവേശം കേരള ബ്ലാസ്റ്റേഴ്സിലൂടെ മലയാളി തിരിച്ച് പിടിക്കുകയായിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് മലയാളിയുടെ മുഖമായി മാറിയപ്പോള്‍ ആ ജനപ്രിയതയ്ക്ക് മാറ്റ് കൂട്ടാന്‍ പണിയെടുക്കുന്ന ആരാധകൂട്ടായിമയെ നമുക്ക് മറക്കാനാകില്ല. കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിയെന്ന ഏക രജിസ്റ്റേഡ് ബ്ലാസ്റ്റേഴ്സ ആരാധ കൂട്ടായിമ കേരളത്തിലെ ഫുട്ബോള്‍ ആവേശം തിരിച്ച് കൊണ്ട് വരുന്നതില്‍ വഹിച്ച ചരിത്രപരമായ പങ്ക് കേരള ഫുട്ബോള്‍ ചരിത്രത്തോടൊപ്പം തങ്കലിപികളില്‍ രേഖപ്പെടുത്തേണ്ടതാണ്.

ഐഎസ്എല്ലും ബ്ലാസ്റ്റേഴ്സും പിറവി കൊണ്ട 2014ലെ ആദ്യ സീസണില്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിയുടെ രൂപകരണത്തിലേക്കെത്തിയ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഡേവിഡ് ജയിംസിന് കീഴില്‍ ബ്ലാസ്റ്റേഴ്സ് ഫൈനലേക്ക് മാര്‍ച്ച് നടത്തിയപ്പോള്‍ ബ്ലാസ്റ്റേഴ്സ് സൃഷ്ടിച്ച ആവേശം ചങ്കില്‍ നിറച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി പ്രവര്‍ത്തനം ആരംഭിച്ചത്. സോഷ്യല്‍ മീഡിയ ഗ്രൂപ്പില്‍ തുടങ്ങിയ ആലോചനയുടെ ഫലമായി 2015ല്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 27 പേര്‍ ഒത്തുകൂടുകയും കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി എന്ന പേരില്‍ രജിസ്ട്രേഡ് ആരാധക കൂട്ടായിമയ്ക്ക് രൂപം നല്‍കുകയും ചെയ്തു. ഇതാണ് ഇന്ന് പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി ആരാധകൂട്ടായിമയുടെ തുടക്കം.

ബ്ലാസ്റ്റേഴ്‌സ് ആരാധക സംഘടന ആയാണ് രൂപീകരിച്ചത് എങ്കിലും ഫുട്‌ബോള്‍ ആയിരുന്നു മുന്‍തൂക്കം. അതുകൊണ്ട് തന്നെ ക്ലബിനെ വിമര്‍ശിക്കേണ്ട സമയത്ത് വിമര്‍ശിക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടുകയും ഈ ആരാധക കൂട്ടായിമ ചെയ്തു. ബ്ലാസ്റ്റേഴ്സിന്റെ നല്ല ഗുണകാംക്ഷിയായി നിലകൊണ്ട് തന്നെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി ഇത്തരം വിമര്‍ശനങ്ങളും സാധ്യമാക്കിയത്. മറ്റ് ആരാധ കൂട്ടായിമകള്‍ ചെയ്യുന്നത് പോലെ ക്ലബിനുളള അന്ധമായ പിന്തുണ ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന് രൂപികരണ സമയത്ത് തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി മനസ്സിലാക്കിയിരുന്നു.

കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിയുടെ പ്രവര്‍ത്തനത്തിന് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. സ്റ്റേഡിയത്തില്‍ ഒരു ഗ്യാലറി തന്നെ (വെസ്റ്റ് ഗാലറി) കേരള ബ്ലാസ്റ്റേഴ്‌സ് ആര്‍മിയ്ക്ക് ബ്ലാസ്റ്റേഴ്സ് മാനേജുമെന്റ് വിട്ടുനല്‍കിയിട്ടുണ്ട്. ഇതോടെ ഈസ്റ്റ് ഗ്യാലറിയില്‍ മാത്രം ഒതുങ്ങി നിന്ന ആരാധകരുടെ ആവേശങ്ങളും ആഘോഷങ്ങളും മെക്സിക്കന്‍ തിരമാല കണക്കെ സ്റ്റേഡിയം മുഴുവന്‍ വ്യാപിപ്പിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിയുടെ പ്രവര്‍ത്തനം കൊണ്ടായി. കേരള ബ്ലാസ്റ്റേഴ്സുമായി ബന്ധപ്പെട്ട എല്ലാ പരുപാടികളിലേക്കും മാനേജുമെന്റ് കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിയെ ഔദ്യോഗികമായി തന്നെ ക്ഷണിക്കാറുണ്ട്.

എന്നാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ മറ്റൊരു ആരാധക കൂട്ടായിമയായ മഞ്ഞപ്പടയ്ക്ക് ലഭിക്കുന്ന മാധ്യമ പരിലാളനകള്‍ ആദ്യത്തെ രജിസ്‌ട്രേഡ് ഫാന്‍സ് ഗ്രൂപ്പായിട്ടും ഒരിക്കലും കേരള ബ്ലാസറ്റേഴ്‌സ് ആര്‍മിയെ തേടിയെത്താറില്ല. അതിലവര്‍ക്ക് പരിഭവവുമില്ല. മാധ്യമ ശ്രദ്ധപിടിച്ചുപറ്റാനോ, സോഷ്യല്‍ മീഡിയ ആക്റ്റിവിസം നടത്താനോ അല്ല തങ്ങള്‍ ആരാധക കൂട്ടായിമ രൂപികരിച്ചതെന്നും കേരളത്തില്‍ ഫുട്‌ബോള്‍ ശക്തിപ്പെടുത്തുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ബ്ലാസ്റ്റേഴ്‌സ് ആര്‍മി പറയുന്നു. ഐഎസ്എല്‍ ടെലിവിഷന്‍ സംപ്രേഷണത്തിനിടെ മലയാള കമന്ററിയില്‍ ഷൈജു ദാമോദരന്‍ ബ്ലാസ്റ്റേഴ്‌സ് ടീമിനെ ഉദ്ദേശിച്ച് നടത്തിയ മഞ്ഞപ്പടയെന്ന വിശേഷണം പിന്നീട് ആ പേരില്‍ വന്ന ഫാന്‍സ് ഗ്രൂപ്പിന് അനുഗ്രഹമാകുകയായിരുന്നെന്നും അവര്‍ കൂട്ടിചേര്‍ക്കുന്നു. എന്നാല്‍ യാതൊരു മാധ്യമ ശ്രദ്ധയുമില്ലാതെ തന്നെ ആറ് വര്‍ഷത്തിനിപ്പുറം ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനം പിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആര്‍മിയ്ക്ക് കഴിഞ്ഞിരിക്കുന്നു.

എല്ലാ വര്‍ഷവും ഈ ആരാധക കൂട്ടായിമ വ്യത്യസ്തമായ രീതിയില്‍ വാര്‍ഷിക ആഘോഷങ്ങളും നടത്താറുണ്ട്. സാമൂഹിക പ്രതിബന്ധ മുഖമുദ്രയാക്കിയ ഈ യുവകൂട്ടായിമ അത്തരം വാര്‍ഷിക പരുപാടികള്‍ നടത്തുന്നത് അനാഥാലയത്തിലോ വൃദ്ധസദനത്തിലോ ആണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. വെറും ഫുട്ബോള്‍ ആരാധകരായി മാറുക എന്നതിലുപരി കേരളീയ യുവാക്കളില്‍ സാമൂഹിക പ്രതിബദ്ധത കൂടി ഊട്ടിയുറപ്പിക്കണമെന്ന് ബ്ലസ്റ്റേഴ്സ് ആര്‍മി സംഘാടകര്‍ക്ക് നിര്‍ബന്ധമുണ്ട്.

കൂടാതെ സൗജന്യ ഫുട്ബോള്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുക, പ്രതിഭകളെ കണ്ടെത്തുകയും അവര്‍ക്ക് ഫുട്ബോള്‍ കിറ്റുകള്‍ സമ്മാനിക്കുകയും ചെയ്യുക, പ്രളയം, കോവിഡ് മഹാമാരി പോലെ കേരളം അഭിമുഖീകരിച്ച പ്രശ്നങ്ങളില്‍ അശരണര്‍ക്ക് കൈതാങ്ങാകും വിധം ക്രിയാത്മകമായി ഇടപെടുക, മത്സ ദിവസങ്ങളില്‍ റാലികള്‍ സംഘടിപ്പിക്കുക തുടങ്ങിയ എണ്ണിയാലൊതുങ്ങാത്ത പ്രവര്‍ത്തനങ്ങളും ഈ ആരാധകകൂട്ടിയിമ നടത്തുന്നുണ്ട്.

നിലവില്‍ ഒരു സംസ്ഥാന കമ്മിറ്റിയും 14 ജില്ലാ കമ്മറ്റികളും കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിയ്ക്കുണ്ട്. കൂടാതെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ സാന്നിധ്യമായ കേരള ബ്ലാസ്റ്റേഴ്സ് ആര്‍മിയ്ക്ക് കീഴില്‍ നാല്‍പതോളം വാട്സാപ്പ് ഗ്രൂപ്പുകളും സജീവമായ ടെലഗ്രാം ചാനലും ഗ്രൂപ്പും, ഫെയ്സ്ബുക്ക് ഗ്രൂപ്പും ഉണ്ട്. സാബിര്‍ എന്‍ എച്ച് ആണ് കേരള ബ്ലാസ്റ്റേഴ്സ് ആര്‍മി ആരാധകകൂട്ടായിമയുടെ രക്ഷാധികാരി.

കേരള ബ്ലാസ്‌റ്റേഴ്‌സ് ആര്‍മി ഇന്‍സ്റ്റഗ്രാം പേജ് ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള ബ്ലാസ്‌റ്റേഴ്‌സ് ആര്‍മി ടെലഗ്രാം ഗ്രൂപ്പില്‍ ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കേരള ബ്ലാസ്‌റ്റേഴ്‌സ് ആര്‍മി വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക