പ്രീസീസണ്‍, ആവേശ പ്രഖ്യാപനവുമായി കേരള ബ്ലാസ്റ്റേഴ്‌സ്, രണ്ടും കല്‍പിച്ചുളള മുന്നൊരുക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) 2021/22 സീസണിന് മുന്നോടിയായുള്ള ക്ലബ്ബിന്റെ പ്രീസീസണ്‍ തയ്യാറെടുപ്പുകള്‍ ജൂലൈ 30ന് കൊച്ചിയില്‍ ആരംഭിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി അറിയിച്ചു. മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച്, കോച്ചിങ് സ്റ്റാഫ്, താരങ്ങള്‍ എന്നിവര്‍ പ്രീസീസണിന്റെ ആദ്യ പാദത്തിനായി കൊച്ചിയില്‍ എത്തും.

വിദേശത്തായിരിക്കും ക്ലബ്ബിന്റെ ബാക്കിയുള്ള സന്നാഹങ്ങള്‍. ഫിസിക്കല്‍ കണ്ടീഷനിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പായുള്ള പ്രതിരോധ കുത്തിവയ്പ്പുകളും മെഡിക്കല്‍ പരിശോധനകളും ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിശീലന ക്യാമ്പിലൂടെ പൂര്‍ത്തീകരിക്കും.

പ്രീസീസണ്‍ ഷെഡ്യൂളിനിടെ, കുറഞ്ഞത് ആറ് അക്കാദമി താരങ്ങള്‍ക്ക് ആദ്യ ടീമിനൊപ്പം കളിക്കാനുള്ള അവസരം നല്‍കാനാണ് ഇവാന്‍ ഒരുങ്ങുന്നത്. ഇവരില്‍ നാലുപേര്‍ കേരളത്തില്‍ നിന്നുള്ളവരായിരിക്കും. റിസര്‍വ് ടീം താരങ്ങളായ സച്ചിന്‍ സുരേഷ്, ശ്രീകുട്ടന്‍ വി.എസ്, ഷഹജാസ് തെക്കന്‍, ബിജോയ് വി, സുഖാം യോയിഹെന്‍ബ മെയ്‌തേ, അനില്‍ ഗോയങ്കര്‍ എന്നിവരെല്ലാം ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ സൗഹൃദ മത്സരങ്ങളില്‍ അണിനിരക്കും.

ഓഗസ്റ്റ് തുടക്കത്തില്‍ തന്നെ ഞങ്ങളുടെ താരങ്ങളെ കളിക്കളത്തില്‍ കാണുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.
താരങ്ങളെ അറിയാനും, ഫിസിക്കല്‍ കണ്ടീഷനിങ് സജ്ജമാകാനും, പ്രധാന തന്ത്രങ്ങള്‍ നടപ്പിലാക്കാനുമായി കോച്ചിങ് സ്റ്റാഫിന് താരങ്ങളോടൊപ്പം പ്രവര്‍ത്തിക്കാന്‍ കൂടുതല്‍ സമയം നല്‍കാന്‍ കഴിയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സമയം ആവശ്യമുള്ളതിനാല്‍ പരിശീലന ക്യാമ്പ് ഇപ്പോള്‍ തുടങ്ങുന്നത് ഏറെ പ്രയോജനകരമാകും. താരങ്ങള്‍ക്ക് ഫുട്‌ബോള്‍ ഒരുപാട് നഷ്ടമായെന്ന് എനിക്കുറപ്പാണ്, ഒരു യുവ ടീമാണ് ഞങ്ങളുടേത് , മികച്ചവരാകാന്‍ താരങ്ങള്‍ പ്രയത്‌നിക്കുന്നുണ്ട്. റിസര്‍വ് ടീമിലെ മികച്ച യുവ താരങ്ങള്‍ക്ക് ആദ്യ ടീം കോച്ചിങ് സ്റ്റാഫിന്റെ അംഗീകാരം ലഭിക്കാനുള്ള അവസരവും പ്രീസീസണ്‍ ക്യാമ്പിലൂടെ ലഭിക്കും. കൊച്ചിയില്‍ എല്ലാവരേയും കാണാന്‍ എനിക്ക് കാത്തിരിക്കാനാവുന്നില്ല – അദ്ദേഹം കൂട്ടിചേര്‍ത്തു.

സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായി ക്ലബ്ബിന് ഒരു നീണ്ട പ്രീസീസണ്‍ ഉണ്ടായിരിക്കേണ്ടത് വളരെ പ്രധാനമാണെന്ന് ക്ലബ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. സീസണിലെ ആദ്യ മത്സരത്തിനായി ബൂട്ട് കെട്ടും മുമ്പ് താരങ്ങള്‍ അവരുടെ മികച്ച ഫോമിലായിരിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സീസണിന് മുന്നോടിയായി താരങ്ങള്‍ക്കും കോച്ചിങ് ടീമിനും യോജിപ്പ് കണ്ടെത്തുന്നതിനും ഇത് സഹായകമാകും. ഞങ്ങള്‍ക്ക് സുദീര്‍ഘമായ പ്രീസീസണ്‍ സംവിധാനം ഉണ്ടെന്നതില്‍ സന്തോഷമുണ്ട്, അത് ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാനാവുമെന്നാണ് എന്റെ പ്രതീക്ഷ. കൊച്ചിയില്‍ വരുന്നതിലും,
എല്ലാ താരങ്ങളെയും കണ്ടുമുട്ടുന്നതിലും ഞാന്‍ ആവേശഭരിതനാണെന്നും ഇവാന്‍ വുകോമനോവിച്ച് കൂട്ടിച്ചേര്‍ത്തു.

വിദേശ താരങ്ങളുടെ റിക്രൂട്ട്‌മെന്റ പുരോഗമിക്കുന്നതിനാല്‍, പുതിയ താരങ്ങളെ, അവര്‍ കരാര്‍ ഒപ്പിടുന്നതനുസരിച്ച് സ്‌ക്വാഡിനൊപ്പം ചേര്‍ക്കും.

കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍, എല്ലാ താരങ്ങളും കോച്ചിങ് സ്റ്റാഫും കര്‍ശനമായ കോവിഡ് -19 പ്രോട്ടോക്കോളുകളും, ഒരു വീഴ്ചയുമില്ലാതെ എല്ലാ സുരക്ഷാ മുന്‍കരുതലുകളും പാലിക്കുമെന്ന് കെബിഎഫ്‌സി അറിയിച്ചു.

You Might Also Like