മഞ്ഞകുപ്പായം അഴിച്ച് പ്രശാന്ത്, ഇനി ആ ക്ലബിലേക്ക്

കേരള ബ്ലാസ്റ്റേഴ്‌സ് മലയാളി മധ്യനിര താരം കെ പ്രശാന്ത് ക്ലബ് വിട്ടു. അഞ്ച് സീസണിലായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം പന്ത് തട്ടിയ പ്രശാന്ത് ക്ലബ് വിട്ടതായി ഔദ്യോഗിക സ്ഥിരീകരണവും പുറത്ത് വന്നു. 2016ല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യില്‍ എത്തിയെങ്കിലും 2017 – 2018 സീസണ്‍ മുതലാണ് ഈ കോഴിക്കോട് സ്വദേശി മഞ്ഞ ജഴ്സിയില്‍ കളത്തില്‍ ഇറങ്ങാന്‍ തുടങ്ങിയത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്കായി 61 മത്സരങ്ങളില്‍ ഇറങ്ങിയ കെ. പ്രശാന്ത് ഒരു ഗോള്‍ നേടി, മൂന്ന് ഗോളിന് അസിസ്റ്റ് നടത്തി.

2023 വരെ കെ. പ്രശാന്തിന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുമായി കരാര്‍ കാലാവധി ഉണ്ടായിരുന്നതാണ്. എന്നാല്‍ കൂടുതല്‍ പ്ലേയിംഗ് സമയം കിട്ടുന്നതിനായാണഅ ക്ലബ് വിടാന്‍ പ്രശാന്ത് തീരുമാനിച്ചത്. ഏതായാലും കെ. പ്രശാന്തിന്റെ ഇനിയുള്ള നീക്കം എന്താണ് എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ആരാധകര്‍.

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി യിലേക്ക് കെ. പ്രശാന്ത് ചേക്കേറാനാണ് സാധ്യത കൂടുതല്‍. വി. പി. സുഹൈറിനെ സ്വന്തമാക്കാനുള്ള മാറ്റക്കരാറില്‍ കെ. പ്രശാന്തിനെ നല്‍കാമെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സിയെ ഈ വര്‍ഷം ജൂണില്‍ അറിയിച്ചിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതലായി മുന്നോട്ട് പോകാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി തയാറായില്ല.

റൈറ്റ് വിംഗ് പൊസിഷനിലാണ് കെ. പ്രശാന്ത് പ്രധാനമായും കളിക്കുന്നത്. ലെഫ്റ്റ് വിംഗ്, റൈറ്റ് ബാക്ക് പൊസിഷനുകളില്‍ കളിക്കാനും പ്രശാന്ത് മിടുക്കനാണ്. പ്രീ സീസണ്‍ ട്രാന്‍സ്ഫര്‍ ജാലകം അടഞ്ഞ സ്ഥിതിക്ക് കരാര്‍ ഇല്ലാതെ നില്‍ക്കുന്ന താരത്തിനെ മാത്രമാണ് നിലവില്‍ ഇനി ക്ലബ്ബുകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുക.

You Might Also Like