എംബാപ്പെക്കായി ലോകറെക്കോർഡ് ട്രാൻഫറിനൊരുങ്ങി യുവന്റസ്. പകരം ക്രിസ്ത്യാനോ പിഎസ്‌ജിയിലേക്കും ചേക്കേറും

ഫുട്ബോൾ ട്രാൻഫറിന്റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് തുകയുടെ ട്രാൻഫറിന് ഇറ്റാലിയൻ വമ്പന്മാരായ യുവന്റസ് ഒരുങ്ങുകയാണ്. പിഎസ്‌ജി സൂപ്പർതാരമായ കിലിയൻ എംബാപ്പെയെ സ്വന്തം തട്ടകത്തിലെത്തിക്കാൻ 360 മില്യൺ യൂറോയെന്ന റെക്കോർഡ് തുകയാണ് യുവന്റസ് ചെലവഴിക്കാനൊരുങ്ങുന്നത്. പകരം യുവന്റസിൽ നിന്നും സൂപ്പർതാരം ക്രിസ്ത്യാനോ റൊണാൾഡോ പിഎസ്ജിയിലേക്ക് കൈമാറും.

അടുത്ത തലമുറ ഫുട്ബോളിനെ അടക്കിഭരിക്കാനൊരുങ്ങുന്ന സൂപ്പർതാരപദവിയിലേക്കുയരുന്ന എംബാപ്പെയിൽ നോട്ടമിട്ടിരിക്കുകയാണ് യുവന്റസ്. സൂപ്പർതാരമായ ക്രിസ്ത്യനോയെയും എംബാപ്പെയേയും ഒരുമിച്ചു കൊണ്ടുപോവാൻ യുവന്റസിന് കഴിയാതെ വരുമെന്ന് മനസിലാക്കിയതോടെ 35കാരൻ റൊണാൾഡോയെ പിഎസ്‌ജിയിലേക്ക് കൈമാറ്റം ചെയ്യാനാണ് യുവന്റസിന്റെ പദ്ധതി.

ഇറ്റാലിയൻ മാധ്യമമായ ടുട്ടോ സ്പോർട് ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. റൊണാൾഡോക്കും യുവന്റസ് വിടണമെന്ന് ആഗ്രഹമുള്ളതായി മുൻപും വാർത്തകളുണ്ടായിരുന്നു. കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് ടൂർണമെന്റിൽ നിന്നും പുറത്തായതോടെയാണ് ക്രിസ്ത്യാനോ ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നായിരുന്നു അഭ്യൂഹങ്ങൾ. ഇതോടെ നെയ്മറിനൊപ്പം കളിക്കാനുള്ള അവസരമാണ് ഭാവിയിൽ ക്രിസ്ത്യാനോക്ക് ലഭിക്കുന്നത്.

യുവന്റസിൽ 2022 വരെയാണ് റൊണാൾഡോക്ക് കരാറുള്ളത്. ആഴ്ചയിൽ 540000 യൂറോ വേതനമാണ് യുവന്റസിൽ ക്രിസ്ത്യാനോക്ക് ലഭിക്കുന്നത്. എംബാപ്പെ കൂടി വരുന്നതോടെ ഇരുവരുടെയും വേതനം ക്ലബ്ബിനു താങ്ങാനാവില്ലെന്നു മനസിലാക്കിയതോടെയാണ് യുവന്റസിന്റെ ഇത്തരത്തിലൊരു നീക്കം. ഇതോടെ എംബാപ്പെയെ സ്വന്തമാക്കാനുള്ള റയൽ മാഡ്രിഡിന്റെ നീക്കത്തിനാണ് യുവന്റസ് ഭീഷണിയായിരിക്കുന്നത്.

You Might Also Like