സൂപ്പർതാരം കളിച്ചേക്കില്ല, യുവന്റസിന്റെ യൂറോപ്യൻ മോഹങ്ങൾക്ക് തിരിച്ചടി

Image 3
Champions LeagueFeaturedFootball

യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ ലിയോണിനെ നേരിടാനൊരുങ്ങുന്ന യുവന്റസിനു തിരിച്ചടിയായി അർജന്റീനിയൻ സൂപ്പർതാരം പൗളോ ഡിബാല മത്സരത്തിനിറങ്ങുന്ന കാര്യം സംശയത്തിൽ. പരിക്കേറ്റ താരത്തിനു പകരം ഹിഗ്വയ്ൻ, ക്വാഡ്രാഡോ എന്നിവരിലൊരാളെ മുന്നേറ്റ നിരയിൽ കളിപ്പിക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ് യുവന്റസ്. യൂറോപ്പിലെ വിവിധ മാധ്യമങ്ങളെല്ലാം ഇക്കാര്യം റിപ്പോർട്ടു ചെയ്യുന്നുണ്ട്.

ആദ്യ പാദത്തിൽ ലിയോണിനോട് ഒരു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയ യുവന്റസിന് ഒട്ടും ആശ്വാസം പകരുന്നതല്ല ഈ വാർത്ത. യുവന്റസ് മുന്നേറ്റ നിരയിൽ ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് ഡിബാല. ഇറ്റാലിയൻ ക്ലബിന് ലീഗ് കിരീടം സ്വന്തമാക്കുന്നതിന്റെ നിർണായക കേന്ദ്രമായ ഡിബാല സീരി എയിലെ ഏറ്റവും മികച്ച കളിക്കാരനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

സാംപ്ദോറിയക്കെതിരായ യുവന്റസിന്റെ സീരി എ മത്സരത്തിനിടയിലാണ് ഡിബാലക്കു പരിക്കേറ്റത്. ആ മത്സരം വിജയിച്ചതോടെ സീരി എ കിരീടം യുവന്റസ് സ്വന്തമാക്കിയിരുന്നു. എന്നാൽ അതിനു ശേഷം ഡിബാലയില്ലാതെ അവസാന രണ്ടു മത്സരങ്ങൾക്ക് ഇറങ്ങിയപ്പോൾ തോൽവിയായിരുന്നു ഫലം. ഇതു ലിയോണിനെതിരെ ഇറങ്ങുമ്പോൾ ടീമിന് വലിയ ആശങ്കയാണുണ്ടാക്കുന്നത്.

ക്വാഡ്രാഡോ മത്സരത്തിൽ ഇറങ്ങുമെന്ന് സാറി വ്യക്തമാക്കിയെങ്കിലും ഏതു പൊസിഷനിൽ ആയിരിക്കുമെന്നത് വ്യക്തമല്ല. കൊളംബിയൻ താരം പ്രതിരോധത്തിലാണു കളിക്കുന്നതെങ്കിൽ ബെർണാഡെഷി ആയിരിക്കും ഡിബാലക്കു പകരക്കാരനായി ടീമിലെത്തുക. മത്സരം യുവന്റസിന്റെ മൈതാനത്താണു നടക്കുന്നത്.